മലയാളികളായ നാലു സ്വാതന്ത്ര്യസമര സേനാനികളെ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഇന്ന് ആദരിക്കും. കൂത്താട്ടുകുളം മേരി, കെ.പി ഗോപാലന്‍, കെ.ചെല്ലപ്പന്‍, വി.പി. ഇട്ടിക്കോരു എന്നിവരാണിവര്‍.
രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ അദരവേറ്റുവാങ്ങും. പ്രസിദ്ധ സാഹിത്യകാരന്‍ സി.ജെ. തോമസിന്‍റെ സഹോദരിയായ മേരി കൂത്താട്ടുകുളം സ്വാതന്ത്ര്യസമര രംഗത്തെ ജ്വലിക്കുന്ന വ്യക്തിത്വമായിരുന്നു. 1938ല്‍ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് അവര്‍ സ്വാതന്ത്ര്യസമര രംഗത്തെത്തിയത്.
തുടര്‍ന്ന് അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗമാവുകയും ഒളിവില്‍ പോവുകയും പൊലീസിന്‍റെ ക്രൂര മര്‍ദനങ്ങള്‍ക്ക് വിധേയയാവുകയും ചെയ്തു. ക്വിറ്റിന്ത്യ പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യസമരത്തില്‍ പ്രവേശിച്ച കെ.പി. ഗോപാലന്‍ ആലപ്പുഴയിലെ പുതുപ്പള്ളി സ്വദേശിയാണ്. 1942-44 കാലഘട്ടത്തില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും ആര്‍.എസ്.പി.യിലും പ്രവര്‍ത്തിച്ചിരുന്നു. കേരള ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷന്‍റെ സംസ്ഥാന സെക്രട്ടറിയാണ്. തിരുവനന്തപുരം സ്വദേശിയായ കെ.ചെല്ലപ്പന്‍ 1938ല്‍ വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത് അറസ്റ്റ്‌വരിച്ചു.
തൃശ്ശൂര്‍ സ്വദേശിയായ വി.പി. ഇട്ടിക്കോരു 1942 മുതല്‍ 47 വരെ നടന്ന മിക്ക സ്വാതന്ത്ര്യസമര പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്.
|