കോട്ടയം ജില്ലാപഞ്ചായത്തിന്‍റെ ഭരണം യു.ഡി.എഫിന് നഷ്ടമാകും. രാജിവയ്ക്കാനുള്ള പാര്‍ട്ടിയുടെയും മുന്നണിയുടെയും നിര്‍ദ്ദേശം അവഗണിച്ച് കേരളകോണ്‍ഗ്രസിന്‍റെ (മാണി) തോമസ് കുന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് തുടരുകയാണ്.
കഴിഞ്ഞ ദിവസം യു.ഡി.എഫ് ജില്ലാകമ്മിറ്റിയോഗം ചേര്‍ന്ന് കുന്നപ്പള്ളിയില്‍ അവിശ്വാസം രേഖപ്പെടുത്തി. കേരള കോണ്‍ഗ്രസ് (സെക്യുലര്‍) രാഷ്ട്രീയ നിലപാട് മാറ്റിയതോടെയാണ് ഇടതുമുന്നണിയില്‍ നിന്നും കോട്ടയം ജില്ലാ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തത്. ധാരണയനുസരിച്ച് ആദ്യം ഒരു വര്‍ഷം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചു.
ഇതനുസരിച്ച തോമസ് കുന്നപ്പള്ളി ആദ്യം ആറുമാസവും ജോയി ചിറയില്‍ തുടര്‍ന്നുള്ള ആറ് മാസവും പ്രസിഡന്‍റ് സ്ഥാനം പങ്കിടണമെന്നും തീരുമാനിച്ചു. എന്നാല്‍ ജൂലൈ മൂന്നിന് കാലാവധി അവസാനിച്ചിട്ടും തോമസ് കുന്നപ്പള്ളി സ്ഥാനമൊഴിഞ്ഞില്ല. സ്ഥാനമൊഴിയാന്‍ പാര്‍ട്ടിയും യു.ഡി.എഫും ആവശ്യപ്പെട്ടിട്ടും കുന്നപ്പള്ളി വഴങ്ങിയില്ല.
ഇതേ തുടര്‍ന്നാണ് ജില്ലയില്‍ യു.ഡി.എഫ് യോഗം ചേര്‍ന്ന് കുന്നപ്പള്ളിയില്‍ അവിശ്വാസം രേഖപ്പെടുത്തിയത്. തുടര്‍ന്ന് പുതിയ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ജോയി ചിറയിലിനെ തെരെഞ്ഞെടുക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നിലപാടുകളെ പരസ്യമായി എതിര്‍ത്തുകൊണ്ട് പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ന്നു കുന്നപ്പള്ളി ഇടതുമുന്നണി തുണയ്ക്കുമെന്ന വിശ്വാസത്തിലാണ്.
|