ഷൊര്‍ണൂര്‍ നഗരസഭയില്‍ നിന്ന് വൈസ് ചെയര്‍മാന്‍ എം.ആര്‍ മുരളി ഉള്‍പ്പെടെ ഒന്‍പത് അംഗങ്ങള്‍ ഇന്ന് രാജിവച്ചു. രാജിക്കത്ത് വൈകിട്ട് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി.
നഗരസഭയിലെ ഭരണപക്ഷമായ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ മുരളിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനിരിക്കെയാണ് മുരളിയും കൂട്ടരും രാജിവച്ച്. തെരെഞ്ഞെടുപ്പിനെ നേരിടാനാണ് ഇവരുടെ തീരുമാനം. മുരളിക്കൊപ്പം ഉള്ള അംഗങ്ങളില്‍ പാര്‍ട്ടി അംഗത്വം ഉള്ളവര്‍ക്കെതിരെ സി.പി.എം ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോള്‍ ഇവര്‍ക്ക് വിപ്പ് നല്‍കി മുരളിക്കെതിരെ വോട്ട് ചെയ്യിപ്പിക്കാനായിരുന്നു സി.പി.എമ്മിന്‍റെ നീക്കം. ഈ ഉദ്ദേശ്യം മനസിലാക്കിയ മുരളിയും കൂട്ടരും രാജി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ രാജി വച്ചതോടെ ഷൊര്‍ണ്ണൂര്‍ നഗരസഭയില്‍ തെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്.
മുപ്പതംഗ നഗരസഭയില്‍ 22 അംഗങ്ങളാണ് സി.പി.എമ്മിനുണ്ടായിരുന്നത്. മുരളി ഉള്‍പ്പെടെ ഒമ്പത് പേര്‍ രാജിവച്ചതോടെ സി.പി.എമ്മിന്‍റെ അംഗബലം 13 ആയി ചുരുങ്ങി. ബി.ജെ.പിക്ക് ഒന്നും യു.ഡി.എഫിന് ഏഴും സീറ്റുകളാണ് ഉള്ളത്. തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി സംഖ്യത്തിലേര്‍പ്പെടാന്‍ മുരളിയും കൂട്ടരും ശ്രമിക്കുമെന്നാണ് സൂചന.
|