സര്‍ക്കാരുമായി ധാരണയിലെത്തിയ ആറ് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്‍റുകള്‍ നടത്തിയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞമാസം 27ന് നടത്തിയ പ്രവേശന പരീക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിശ്ചയിച്ച സമയക്രമം പാലിക്കാതെയാണ് പരീക്ഷ നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സിരിജഗന്‍ മാനേജ്‌മെന്‍റുകളുടെ സംഘടന നടത്തിയ പരീക്ഷ റദ്ദാക്കിയത്. കൂടുതല്‍ സുതാര്യമായ പ്രവേശന പരീക്ഷ നടത്തുന്നതിനായി ഹൈക്കോടതി മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
മാനേജ്‌മെന്‍റുകള്‍ നടത്തിയ പരീക്ഷ നീതിപൂര്‍വ്വമോ, സുതാര്യമോ മെറിറ്റ് അടിസ്ഥാനത്തിലോ ഉള്ളതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോഴിക്കോട് സ്വദേശിനി ഫാത്തിമ ഹനീന എന്ന വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
സുപ്രീം കോടതിയാണ് പ്രവേശന പരീക്ഷ നടത്തിപ്പിനും കൊണ്‍സിലിംഗിനും സമയക്രമം നിശ്ചയിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ അനുമതിയില്ലാതെ മാനേജ്‌മെന്‍റുകള്‍ക്ക് സ്വാശ്രയ പരീക്ഷ നടത്താന്‍ അനുവാദമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പി.എ മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാശ്രയ മാനേജ്‌മെന്‍റുകള്‍ കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വാശ്രയ കോളേജുകള്‍ പരീക്ഷ നടത്തിയത്. പരീക്ഷയ്‌ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം നടത്തുമെന്ന് ധാരണയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ലാഭേഛയോടെയാണ് കോളേജുകള്‍ പ്രവേശന പരീക്ഷ നടത്തിയതെന്ന് കോടതി കണ്ടെത്തി. പരീക്ഷയ്‌ക്ക് സര്‍ക്കാരിന്‍റെയോ ജസ്‌റ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റിയുടെയോ മേല്‍നോട്ടം ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷ നടത്തിയത് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടല്ലെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.
കോടതി വിധിയോടെ ആറ് സ്വാശ്രയ കോളേജുകള്‍ പ്രവേശന പരീക്ഷയിലൂടെ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് അസാധുവായിരിക്കുകയാണ്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എം.ഇ.എസ് ചെയര്‍മാന്‍ ഡോ.ഫസല്‍ ഗഫൂര്‍ പറഞ്ഞു. കരുണ, ഗോകുലം, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, എസ്.യു.ടി, സാം സോമര്‍വെല്‍, എം.ഇ.എസ് എന്നീ മെഡിക്കല്‍ കോളജുകളാണ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരുമായി ധാരണ ഉണ്ടാക്കിയത്.
സര്‍ക്കാര്‍ ക്വാട്ടയില്‍ 45,000 രൂപയും മാനേജ്മെന്‍റ് ക്വാട്ടയില്‍ 5,50,000 രൂപയും ഫീസ് വാങ്ങാമെന്നായിരുന്നു ധാരണ.
|