വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു. അനുമതി അറിയിക്കുന്ന കത്ത് കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറിക്ക് അയച്ചുകൊടുത്തു.
മൂന്ന് കമ്പനികളുടെ പങ്കാളിത്തത്തില്‍ എതിര്‍പ്പില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രണ്ട് ഉപാധികളാണ് പ്രതിരോധമന്ത്രാലയം മുന്നോട്ട് വച്ചിരിക്കുന്നത്. എപ്പോള്‍ ആവശ്യപ്പെട്ടാലും നാവിക സേനയുടെ കപ്പലുകള്‍ക്ക് തുറമുഖത്ത് നങ്കൂരമിടാനുള്ള അനുവാദം നല്‍കണം.
ഇതിനുള്ള വ്യവസ്ഥകള്‍ സര്‍ക്കാരും ഈ മൂന്ന് കമ്പനികളും ചേര്‍ന്നുണ്ടാക്കുന്ന കരാറില്‍ വ്യക്തമായി എഴുതിച്ചേര്‍ക്കണം. ഇതിന് പുറമേ വിഴിഞ്ഞം തുറമുഖ ട്രസ്റ്റില്‍ നാവിക സേനയുടെ സതേണ്‍ കമാന്‍ഡിലെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തണം. ഈ ഉദ്യോഗസ്ഥനായിരിക്കും ഒരോ സമയത്തും സുരക്ഷാ നിബന്ധനകള്‍ സംബന്ധിച്ച് സര്‍ക്കാരിനുള്ള ഉപദേശങ്ങള്‍ നല്‍കുക.
ഈ രണ്ട് ഉപാധികളും പാലിക്കുകയാണെങ്കില്‍ ലാന്‍കോ കൊണ്ടപ്പള്ളി, ലാന്‍കോ ഇന്‍ഫ്രാസ്ട്രക്ചര്‍, പെമ്പിനാന്‍ റെസായി എന്നീ മൂന്ന് കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് തുറമുഖ നിര്‍മ്മാണത്തിന് അനുവാദം നല്‍കാമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ഏഴിനാണ് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍റണിക്ക് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി എം.വിജയകുമാര്‍ വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തയച്ചത്. ഇതിന് ശേഷം എ.കെ ആന്‍റണി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
കഴിഞ്ഞ മാസം 29ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തിലുള്ള അന്തിമതീരുമാനം എടുത്തിരുന്നു.
|