എന്‍.ടി.പി.സിയുടെ കായംകുളം താപവൈദ്യുതി നിലയം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നത് നീട്ടിവച്ചു. കെ.എസ്.ഇ.ബിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം.
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍റെ കേരളത്തിലേക്കുള്ള വൈദ്യുതി ലൈനിന്‍റെ അറ്റകുറ്റപ്പണികള്‍ നീട്ടിവച്ചതും കായംകുളം നിലയം അടയ്ക്കുന്നത് നീട്ടിവയ്ക്കാന്‍ കാരണമായി. കായംകുളം താപനിലയം ഈ മാസം ആദ്യം അടച്ചിടാണാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ദിനംപ്രതി 100 മുതല്‍ 150 മെഗാവാട്ട് വരെ വൈദ്യുതിയാണ് കെ.എസ്.ഇ.ബി കായംകുളത്ത് നിന്നും വാങ്ങുന്നത്.
അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തോളം കായംകുളം നിലയം അടച്ചിട്ടാല്‍ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഈ സാഹചര്യത്തില്‍ നിലയം അടയ്ക്കുന്നത് നീട്ടിവയ്ക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. ഇതേ തുടര്‍ന്നാണ് പത്ത് ദിവസം കൂടി നിലയം പ്രവര്‍ത്തിപ്പിക്കാന്‍ എന്‍.ടി.പി.സി തീരുമാനിച്ചത്.
ഈ മാസം പത്തിന് നിലയം എന്ന് അടയ്ക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് എന്‍.ടി.പി.സി അധികൃതര്‍ അറിയിച്ചു. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍റെ കേരളത്തിലേക്കുള്ള വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി വേണ്ടി വരുന്നതെന്നും കായംകുളം നിലയം നീട്ടിവയ്ക്കുന്നതിന് ഒരു കാരണമായിയെന്നാണ് സൂചന.
കേരളത്തിലേയ്ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 600 മുതല്‍ 700 വരെ മെഗാവാട്ട് വരെ വൈദ്യുതി എത്തുന്നത് ഈ ലൈനുകളിലൂടെയാണ്. ഈ ലൈനില്‍ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ നല്‍കുന്ന സൂചന.
|