വയനാട് ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.
ഹര്‍ത്താല്‍ ഏറെക്കുറെ അസാധുവാണ്. കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. സ്വകാര്യ ബസുകളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. എന്നാല്‍ കെ.എസ്.ആര്‍.ടി.സി പതുവുപോലെ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിനിടയില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാനന്തവാടി സ്റ്റേഷനില്‍ നിന്നും സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവച്ചു.
പ്രതിഷേധക്കാര്‍ ഇന്ന് രാവിലെ കല്‍പ്പറ്റ ടൌണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയിലെ മിക്കസ്കൂളുകളും പ്രവര്‍ത്തിക്കുന്നില്ല. ഓഫീസുകളിലെ ഹാജര്‍നിലയും വളരെക്കുറവാണ്.
കര്‍ഷകരുടെ കടങ്ങള്‍ ഉടന്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞാണ് ഇടതുമുന്നണി സര്‍ക്കാര്‍ അധികാര്‍ത്തില്‍ വന്നത്. എന്നാല്‍ സര്‍ക്കാര്‍ രണ്ടു വര്‍ഷം പിന്നിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നുമാണ് യു.ഡി.എഫ് ആരോപണം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.
കേരളീയം പദ്ധതിയിലൂടെ വായ്പയെടുത്ത കര്‍ഷകരുടെ കടങ്ങള്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ച് തിരിച്ചടപ്പിച്ച് മൂലം കേന്ദ്ര കടാശ്വാസ പദ്ധതിയുടെ ആനുകൂല്യം ഇവര്‍ക്ക് കിട്ടിയില്ലെന്നും യു.ഡി.എഫ് പറയുന്നു.
|