അനസ്തേഷ്യ നല്‍കിയതിലെ പിഴവ് മൂലം യുവാവ് മരിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചു. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശി റിന്‍റു.പി രാജനാണ് മരിച്ചത്.
അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് 16 ദിവസം റിന്‍റു അബോധാവസ്ഥയിലായിരുന്നു. ഒടിഞ്ഞ കൈയിലിട്ടിരുന്ന കമ്പി പുറത്തെടുക്കാനായിരുന്നു റിന്‍റുവിനെ കിടങ്ങൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസം പതിനഞ്ചിന് പ്രവേശിപ്പിച്ചത്. പതിനാറാം തീയതി ഉച്ചയ്ക്ക് റിന്‍റുവിന് ഡോക്ടര്‍ അനസ്തേഷ്യ നല്‍കി.
നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും ബോധം തെളിയാത്തതിനെ തുടര്‍ന്ന് റിന്‍റുവിനെ ആശുപത്രി അധികൃതര്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഈ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം വിവരമറിഞ്ഞ ബന്ധുക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് റിന്‍റുവിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കഴിഞ്ഞ ദിവസം ഇവിടെ വച്ച് റിന്‍റു മരിച്ചു. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇതിന് ശേഷം നാട്ടുകാര്‍ മൃതദേഹവുമായി ആശുപത്രിയുടെ മുന്നിലെത്തി. രോഷാകുലരായ നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചു. പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്തില്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു.
ആശുപത്രി അധികൃതരുടെ പിഴ്വ് മൂലമാണ് റിന്‍റു മരിച്ചതെന്ന് ആരോപിച്ച് റിന്‍റുവിന്‍റെ പിതാവ് കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
|