കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന ട്രഷര്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ മൃതദേഹം കബറടക്കി. കൊയിലാണ്ടി വലിയകത്ത് പള്ളി ഖബര്‍സ്ഥാനിലായിരുന്നു കബറടക്കം.
രാവിലെ പത്തരമണിയോടെയാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടു വന്നത്. തുടര്‍ന്ന് നടന്ന മയ്യത്ത് നമസ്കാരത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു.
സമൂഹത്തിന്‍റെ നാനാതുറകളില്‍ പെട്ടവര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, പി. വിശ്വന്‍ എം.എല്‍.എ, യു.സി രാമന്‍ തുടങ്ങി നിരവധിപേര്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.
ബാഫക്കി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് ലീഗിന്‍റെ മൂന്നുദിവസത്തെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. വഖഫ് ബോര്‍ഡിന്‍റെ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. അതിനാല്‍ വഖഫ് ബോര്‍ഡ് സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് പൌരാവലി ഇന്ന് വൈകുന്നേരം നാല് മണിക്ക് ഒരു അനുശോചനയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ശരീഫ സൈനബ മുല്ലബിയാണ് ബാഫക്കി തങ്ങളുടെ ഭാര്യ. ശരീഫ ഫാത്തിമ, നഫീസ, ആമിന, റൗദ, ആഇശ, ഹാശിം ബാഫഖി, അഹ്‌മദ് ബാഫഖി, ഫസല്‍ ബാഫഖി, ഹുസൈന്‍ ബാഫഖി എന്നിവര്‍ മക്കളാണ്.
|