സംസ്ഥാനത്ത് മതനിരാസം പ്രചരിപ്പിക്കുന്നതിനായി ഗുഢശ്രമം നടക്കുന്നുണ്ടെന്ന് മലങ്കര സഭാധ്യക്ഷന്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു. ഇതിന്‍റെ തെളിവാണ് പുതിയ പാഠപുസ്തകമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കൂടി പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തണമെന്നും കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ആരുടെയും ശുപാര്‍ശ കൊണ്ടുണ്ടായതല്ല.
ഈ അവകാശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഏത് മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന ഒരു പൌരന്‍ അധികാരവും അവകാശവും നല്‍കുന്നുണ്ട്. ഇതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മതനിരാസം വളര്‍ത്താന്‍ ഗൂഢശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്.
ഇതിന് ഉദാഹരണമാണ് ഇപ്പോഴത്തെ പുതിയ പാഠപുസ്തകം. മതത്തിന്‍റെ പേരില്‍ അക്രമം ഉണ്ടാവുകയാണെകില്‍ അത് നിരാകരിക്കപ്പെടണം. കേരളത്തില്‍ കൂടുതല്‍ ആളുകള്‍ മരിച്ചത് രാഷ്ട്രീയ കൊലപാതകങ്ങളിലാണ്. അല്ലാതെ മതസംഘട്ടനത്തിലല്ല. അതിനാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളും പാഠപുസ്തകത്തില്‍ വിഷയമാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്‍റെ പേരില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് സെമിനാറില്‍ സംസാരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ അംഗം ലിസി കുര്യന്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ മതത്തിന്‍റെ പേരില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മിശ്രവിവാഹത്തെക്കുറിച്ച് പഠിപ്പിക്കുന്നത് ശരിയല്ല.
ഇന്ത്യയില്‍ വിവാഹം കഴിക്കാനുള്ള പ്രായപരിധി പതിനെട്ട് വയസാണ്. അതിനാല്‍ ഏഴാംക്ലാസിലെ കുട്ടികളെ മിശ്രവിവാഹത്തെക്കുറിച്ച് പഠിപ്പിക്കേണ്ട കാര്യമില്ലെന്നും ലിസ്സി കുര്യന്‍ പറഞ്ഞു.
|