കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ മലേഷ്യന്‍ സര്‍ക്കാരിന്‍റെ സഹായത്തോടെ ആരംഭിക്കാന്‍ പോകുന്ന സംയോജിത വ്യവസായ നഗര പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം മലേഷ്യന്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിശ്ചയിക്കും.
പദ്ധതി നടപ്പാക്കുന്ന മലേഷ്യന്‍ കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്‍റ് ബോര്‍ഡിന്‍റെ യോഗത്തിലായിരിക്കും ഈ തീരുമാനമുണ്ടവുക. യോഗത്തിന് ശേഷം മലേഷ്യന്‍ പ്രതിനിധികള്‍ കേരളത്തിലെത്തി ചര്‍ച്ചകള്‍ നടത്തും. സംസ്ഥാന സര്‍ക്കാരിന് പദ്ധതിയില്‍ പത്ത് ശതമാനം പങ്കാളിത്തം അനുവദിക്കാമെന്നാണ് മലേഷ്യന്‍ സര്‍ക്കാരിന്‍റെ നിലപാട്.
എന്നാല്‍ 26 ശതാമാനം ഓഹരിപങ്കാളിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്ന മലേഷ്യന്‍ കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്‍റ് ബോര്‍ഡിന്‍റെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മലേഷ്യന്‍ കമ്പനി തയാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ സംസ്ഥന സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കില്‍ പ്രത്യേക കരാര്‍ ഉണ്ടാക്കാനും ധാരണയായി. 2500 കോടി രൂപ മുതല്‍മുടക്കിലാണ് സംയോജിത വ്യവസായ നഗര പദ്ധതി നടപ്പാക്കുക. കെ.എസ്.ഐ.ഡി.സിയുടെ 275 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്.
മേഡിക്കല്‍ സിറ്റി, ഐ.ടി അനുബന്ധ വ്യവസായങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, ടൌണ്‍ഷിപ്പ് തുടങ്ങിയവ അടങ്ങുന്നതാണ് സംയോജിത വ്യവസായ നഗര പദ്ധതി. കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് ഇതു സംബന്ധിച്ച ധാരണാപത്രം സംസ്ഥാന സര്‍ക്കാരും മലേഷ്യന്‍ സര്‍ക്കാരും തമ്മില്‍ ഒപ്പു വച്ചിരുന്നു.
|