സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത കുട്ടനാട് പാക്കേജ് ശിക്ഷാ പാക്കേജായിയെന്ന് സഹകരണമന്ത്രി ജി.സുധാകരന്‍ ആരോപിച്ചു. ആലപ്പുഴയില്‍ കര്‍ഷകരുടെ ധനസഹായ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മന്ത്രിമാരായ എ.കെ.ആന്‍റണിയും വയലാര്‍ രവിയും വളരെ അദ്ധ്വാനിച്ച് വള്ളം തുഴഞ്ഞതുകൊണ്ടാണ് കുട്ടനാട് പാക്കേജ് വന്നതെന്നാണ് പ്രചരണം. എന്നാല്‍ ആ പാക്കേജ് പരിശോധിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്‍റേതായി ഒന്നുമില്ല. എല്ലാം സംസ്ഥാനത്തിന്‍റെ തലയില്‍ വച്ചിരിക്കുകയാണ്. ഈ പാക്കേജ് അനുവദിപ്പിക്കുന്നതിനായി ആന്‍റണിയും വയലാര്‍ രവിയും അദ്ധ്വാനിക്കേണ്ടതില്ലായിരുന്നു.
കേന്ദ്രം പൈസയൊന്നും ചെലവഴിക്കാതെ ഒരു പട്ടിണി സംസ്ഥാനമായ കേരളം പണം ചെലവഴിക്കണമെന്ന് ശിക്ഷയാണ് ഈ പാക്കേജിലൂടെ ഇപ്പോള്‍ തന്നിരിക്കുന്നത്. പാക്കേജിന്‍റെ ഭൂരിഭാഗം തുകയും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്, സംസ്ഥാനം അധികഭാരം ചുമക്കേണ്ടി വന്നാല്‍ പ്രക്ഷോഭം നടത്തും.
ഇതിന് പിന്നില്‍ വയലാര്‍ രവിയും എ.കെ.ആന്‍റണിയുമാണെങ്കില്‍ കുട്ടനാട്ടിലെ ജനങ്ങള്‍ അവര്‍ക്കെതിരെയും പ്രക്ഷോഭം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു. നെല്‍കൃഷിയും മത്സ്യകൃഷിയും പുനരുജ്ജീവിപ്പിക്കല്‍, പരിസ്ഥിതി ആരോഗ്യം എന്നിവയടക്കമുള്ള വികസന പരിപാടികളാണ് ഈ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
കുട്ടനാടിന്‍റെ കാര്‍ഷികപ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നിര്‍ദേശിച്ച വിവിധ വികസന പരിപാടികളെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ സ്വന്തം ഫണ്ടുപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പാക്കുന്നതിന് ഓരോ മന്ത്രാലയത്തിനും ആവശ്യമായ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തും.
50 ലക്ഷം രൂപ വരെ സാമ്പത്തികബാദ്ധ്യതയുള്ള പരിപാടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വന്തം ഫണ്ടുപയോഗിച്ച് നടപ്പാക്കണം.
|