സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ മലമ്പുഴ അണക്കെട്ടില്‍ ആദ്യം നടപ്പാക്കും. എക്കലും മണലും ചെളിയും അടിഞ്ഞ് കൂടിയിരിക്കുന്നതിനാല്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ സംഭരണ ശേഷി നാല്‍പ്പത് ശതമാനം കുറഞ്ഞുവെന്ന് പഠനങ്ങളില്‍ കൂടി തെളിഞ്ഞിരുന്നു. ഇറിഗേഷന്‍ വകുപ്പിന്‍റെ കീഴിലുള്ള കേരള എഞ്ചിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.
അണക്കെട്ടുകളുടെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നീക്കം ചെയ്യുന്ന മണല്‍ ഉപയോഗിച്ച് സംസ്ഥാനത്തെ മണല്‍ ക്ഷാമം പരിഹരിക്കാമെന്ന ലക്‍ഷ്യവുമുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളിലൊട്ടാകെ ആയിരം കോടി രൂപയ്ക്ക് മേല്‍ മൂല്യമുള്ള ഗുണ നിലവാരമുള്ള മണല്‍ അടിഞ്ഞ് കൂടിയിട്ടുണ്ടെന്നാണ് കണക്ക്.
വനം മേഖല അല്ലാത്തതിനാല്‍ വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി വേണ്ടിവരില്ലെന്നതിനാലാണ് മലമ്പുഴ അണക്കെട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചത്. എക്കലും ചെളിയും നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ ഏതെങ്കിലും തരത്തില്‍ അണക്കെട്ടിനെ ബാധിക്കുമോ എന്ന കാര്യവും പഠനവിഷയമാക്കും.
ഇന്ത്യയില്‍ ഇതുവരെ അണക്കെട്ടുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. കേരളം പരീക്ഷാണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലമ്പുഴ അണക്കെട്ടിലെ പ്രവര്‍ത്തനം വിജയിച്ചാല്‍ സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
|