വരുന്ന ഓണക്കാലത്തു പച്ചക്കറികളുടെ ദൗര്‍ലഭ്യം പരിഹരിക്കാനും വിലക്കയറ്റം തടയാനും തിരുവനന്തപുരത്ത് വലിയതോതിലുള്ള ഒരു പച്ചക്കറിമേളയും ജില്ലാതലത്തില്‍ ഒന്‍പത് മേളകളും മേഖലാതലത്തില്‍ നാല് മേളകളും സംഘടിപ്പിക്കും.
കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. ഹോര്‍ട്ടികോര്‍പ്പ്, നിലവിലുള്ള 600 പച്ചക്കറി വില്‍പനശാലകളില്‍ ആവശ്യത്തിനു പച്ചക്കറികള്‍ സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയും ഇതിനുപുറമെ 140 നിയോജകമണ്ഡലങ്ങളില്‍ പച്ചക്കറിമേളകള്‍ സംഘടിപ്പിക്കുകയും ചെയ്യും.
കൂടാതെ സഞ്ചരിക്കുന്ന പത്ത് വില്‍പനശാലകള്‍ വഴിയും പച്ചക്കറികള്‍ വിതരണം ചെയ്യുന്നതാണ്. വി.എഫ്.പി.സി.കെ. 50 ഗ്രാമീണ പച്ചക്കറിമേളകളും മൂന്ന് ജില്ലാ മേളകളും സംഘടിപ്പിക്കും. ഈ മേളകളിലൊക്കെ വിപണിയിലുള്ളതിനേക്കാള്‍ വില കുറച്ചായിരിക്കും പച്ചക്കറികള്‍ ലഭ്യമാക്കുന്നത്.
ഹോര്‍ട്ടികോര്‍പ്പ് ഓണക്കാലത്ത് രണ്ടുലക്ഷം പച്ചക്കറിക്കിറ്റുകള്‍ 25 ശതമാനം വില കുറച്ച് ലഭ്യമാക്കും. നാടന്‍ പച്ചക്കറിമേളകളും വില്‍പനശാലകളും വഴി മറയൂര്‍ ശര്‍ക്കര, കേര വെളിച്ചെണ്ണ, ഏത്തക്കായ, ഉപ്പേരി എന്നിവയും വില്‍പന നടത്തും. കൂടാതെ തിരുവനന്തപുരത്തും, എറണാകുളത്തും സംഘടിപ്പിക്കുന്ന മേളകളില്‍ ആറിനം പായസം വിതരണം ചെയ്യുന്ന പായസമേളയും ഇതാദ്യമായി സംഘടിപ്പിക്കുന്നുണ്ട്.
വില്‍പനശാലകള്‍ക്കും നാടന്‍ പച്ചക്കറിമേളകള്‍ക്കും വേണ്ട പച്ചക്കറികള്‍ സംസ്ഥാനത്തിനകത്തുനിന്നും സംഭരിക്കാവുന്നത്രയും സംഭരിക്കും. പുറമേ വേണ്ടതു ഉല്‍പാദനമേഖലകളില്‍ നിന്നും നേരിട്ടു സംഭരിച്ചെത്തിക്കുന്നതാണ്. ഇതിന്‍റെ ഭാഗമായി സവാള ഉള്ളി, പൂനയില്‍ നിന്ന് സംഭരിക്കുന്നുണ്ട്.
ഓണവിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കും.
|