പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓഡിറ്റ് റിപ്പോര്‍ട്ട് വസ്തുതാപരമല്ല - പാലൊളി  Search similar articles
2007 മാര്‍ച്ച്‌ 31 -ന്‌ അവസാനിച്ച വര്‍ഷം വരെയുള്ള ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ അക്കൗണ്ടന്‍റ് ജനറല്‍ നടത്തിയ പരാമര്‍ശം വസ്തുതാപരമല്ലെന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി അറിയിച്ചു.

ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ ദൃശ്യമാധ്യമങ്ങള്‍ വ്യാപകമായ പ്രചരണം നല്‍കുകയും ചില പത്രങ്ങള്‍ എഡിറ്റോറിയലുകള്‍ എഴുതുകയും ചെയ്ത പശ്ചാത്തലത്തിലാണ്‌ വിശദീകരണം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ഒന്നരവര്‍ഷത്തിനു മുന്‍പത്തെ അവസ്ഥ എന്തായിരുന്നു എന്നാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. ഇപ്പോഴത്തെ അവസ്ഥയല്ല.

ഭരണസംവിധാനത്തിലെ നിരവധി പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഇവയില്‍ പലതും പരിഹരിച്ചുകൊണ്ടിരിക്കുകയാണ്‌. പരിഹരിക്കപ്പെടേണ്ട പലതും ഇനിയുമുണ്ട്ന്നും മന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ ഏതാനും ദിവസം മുമ്പ്‌ കേന്ദ്ര പ്ലാനിങ്ങ്‌ കമ്മീഷന്‍ നടത്തിയ വിലയിരുത്തലിന്‌ വിരുദ്ധമാണ്‌ ഇതു സംബന്ധിച്ച നിഗമനം.

തൊഴിലുറപ്പ്‌ പദ്ധതിയും JNNURM പോലുള്ള നഗര വികസന പദ്ധതികളും വാര്‍ഷിക സാമ്പത്തിക ലക്‍ഷ്യമുള്ള പദ്ധതികളുടെ കൂട്ടത്തില്‍പെടുത്തിയതുകൊണ്ടാണ്‌ ഇതു സംഭവിച്ചത്‌. 12 കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ചേര്‍ന്ന്‌ മൊത്തത്തില്‍ ലഭ്യമായ 502.92 കോടിയുടെ കേന്ദ്ര സഹായത്തില്‍ 58.24 ശതമാനം മാത്രമേ ചെലവാക്കിയുള്ളു എന്നും 209.95 കോടി രൂപ ചെലവാകാതെ അവശേഷിക്കുന്നുവെന്നുമാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ഇതില്‍ 110.85 കോടി രൂപ ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതിയില്‍ മൂന്നു വര്‍ഷം കൊണ്ട്‌ ചെലവാക്കുന്നതിന്‌ 2007 മാര്‍ച്ച്‌ അവസാനത്തില്‍ മാത്രം കേന്ദ്രത്തില്‍ നിന്ന്‌ നേടിയെടുത്തതാണ്‌. 2010 വരെയുള്ള കാലാവധിയില്‍ ചെലവാക്കേണ്ട തുക 2007 - ല്‍ ചെലവാക്കിയില്ലെന്ന്‌ പറഞ്ഞതിന്‍റെ യുക്തി മനസ്സിലാകുന്നില്ല. ഇതുമാത്രം ഒഴിവാക്കിയാല്‍ ചെലവാകാതെ അവശേഷിക്കുന്ന തുകയുടെ പകുതിയും ഒഴിവാകും.

വാര്‍ഷിക ലക്‍ഷ്യമില്ലാത്ത ആവശ്യാധിഷ്ഠിത പദ്ധതിയാണ്‌ തൊഴിലുറപ്പു പദ്ധതി. അതിന്‍റെ ശതമാന വിനിയോഗം സംബന്ധിച്ച പരാമര്‍ശവും അര്‍ത്ഥശൂന്യമാണ്‌. നടപ്പിലാക്കി തുടങ്ങിയിട്ടില്ലാത്ത JNNURM ഉള്‍പ്പെടെ ഏഴു പദ്ധതികള്‍ മാത്രം പരിഗണിച്ച്‌ ചെലവ്‌ 27.08 ശതമാനം മാത്രമേ ഉള്ളൂ എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇവ തമ്മില്‍ പ്രകടമായ വൈരുദ്ധ്യമുണ്ട്‌.

തൊഴിലുറപ്പ്‌ പദ്ധതിയില്‍ റിപ്പോര്‍ട്ട്‌ കാലാവധിയില്‍ കേരളത്തില്‍ രണ്ടു ജില്ലകളില്‍, വയനാടും പാലക്കാടും മാത്രമാണ്‌ തൊഴിലുറപ്പ്‌ പദ്ധതി നടപ്പിലാക്കിയത്‌. 2006 ഫെബ്രുവരിയില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥ നിയമനവും ചില സര്‍ക്കാര്‍ ഉത്തരവുകളിറക്കലുമല്ലാതെ ഒന്നും തന്നെ മുന്‍ സര്‍ക്കാരിന്‍റെ കാലത്തു നടന്നിരുന്നില്ല.

തെരഞ്ഞെടുപ്പും ഭരണമാറ്റവും കഴിഞ്ഞ ശേഷം വളരെ വൈകി മാത്രമാണ്‌ ഈ രണ്ടു ജില്ലകളില്‍ പദ്ധതി ആരംഭിക്കാനായത്‌. ഇതില്‍ വയനാട്‌ ജില്ല ഇന്ത്യക്കാകെ മാതൃകയാണെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നു. ആ സമയത്താണ്‌ ഒന്നര വര്‍ഷം മുന്‍പത്തെ അവസ്ഥയെ അടിസ്ഥാനമാക്കിയ റിപ്പോര്‍ട്ട്‌ ചര്‍ച്ചാവിഷയമാകുന്നത്‌.

100 ദിവസത്തെ തൊഴില്‍ ഒരു കുടുംബത്തിനും നല്‍കിയില്ലെന്ന വാദം തെറ്റാണ്‌. വൈകിയാണ്‌ പദ്ധതി തുടങ്ങിയതെങ്കിലും രണ്ടു ജില്ലകളിലായി 537 കുടുംബങ്ങള്‍ക്ക്‌ 100 ദിവസം തൊഴില്‍ നല്‍കിയിട്ടുണ്ട്‌. തൊഴിലില്ലായമാവേതനം സംബന്ധിച്ച വാദം വിചിത്രമാണ്‌. കായികാധ്വാനത്തിന്‌ തയ്യാറുള്ള കുടുംബങ്ങള്‍ക്ക്‌ തൊഴില്‍ കൊടുക്കുന്നതാണ്‌ പദ്ധതി.

എന്നാല്‍ കായികാധ്വാനത്തിന്‌ തയ്യാറാവാത്ത ധാരാളം പേര്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതാണ്‌ വസ്തുത. രജിസ്റ്റര്‍ ചെയ്തവരില്‍ തൊഴില്‍ ആവശ്യപ്പെടാത്തവരും തൊഴിലിന്‌ തയ്യാറാകാത്തവരുമായ മുഴുവന്‍ പേര്‍ക്കും തൊഴിലില്ലായ്മാ വേതനം നല്‍കേണ്ടതാണെന്ന കണ്ടെത്തല്‍ പദ്ധതി സംബന്ധിച്ച വികലമായ ധാരണയാണെന്നും മന്ത്രി അറിയിച്ചു.
കൂടുതല്‍
നെ‌ല്‍‌വയല്‍ സംരക്ഷണബില്ലിനെതിരെ കര്‍ഷകര്‍
ബന്ദിയാക്കപ്പെട്ട അഭിലാഷ് മോചിതനായി
നികുതിവെട്ടിപ്പ് തടയാന്‍ നടപടി - ഐസക്
തട്ടേക്കാട് ദുരന്തം: ഡ്രൈവര്‍ കുറ്റക്കാരന്‍
തിരുവനന്തപുരത്ത് മന്തുരോഗം പടരുന്നു
തൃശൂരില്‍ പെണ്‍‌വാണിഭസംഘം പിടിയില്‍