18 പേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട് ബോട്ട് അപകട കേസില്‍ പ്രതി പി.എം രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അപകടത്തില്‍പ്പെട്ട ബോട്ടിന്‍റെ ഡ്രൈവറും ഉടമയുമായിരുന്നു രാജു.
രാജുവിനുള്ള ശിക്ഷ നാളെ വിധിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി ഇയാളെ റിമാന്‍റ് ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അലസമായും ഉദാസീനമായും ബോട്ട് ഓടിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.
അറ് പേരെ മാത്രം കയറ്റാന്‍ അനുവാദമുണ്ടായിരുന്ന ബോട്ടില്‍ 61 പേരെ കയറ്റിയാല്‍ അപകടമുണ്ടാകുമെന്ന് പ്രതിക്ക് അറിയാമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും രാജു കോടതിയോട് അപേക്ഷിച്ചു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഇരുപതിനാണ് എറണാകുളം ജില്ലയിലെ എളവൂര്‍ സെന്‍റ് ആന്‍റണീസ് സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ കയറിയ ബോട്ട് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 15 വിദ്യാര്‍ത്ഥികളും മുന്ന് അധ്യാപകരുമാണ് മരിച്ചത്. കേസിലെ 104 സാക്ഷികളില്‍ 67 പേരെ കോടതി വിസ്തരിച്ചു.
ഇവരില്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. വിസ്താരത്തിനിടെ ഒരു വിദ്യാര്‍ത്ഥി കോടതി മുറിയില്‍ കുഴഞ്ഞു വീണു. ദുരന്തത്തിനു കാരണം അധ്യാപകരുടെ ജാഗ്രത കുറവാണെന്നും കോടതി നിരീക്ഷിച്ചു. അധ്യാപകര്‍ ജാഗ്രത കാട്ടേണ്ടതായിരുന്നു.
ദുരന്തത്തില്‍ അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച വേണ്ട രീതിയില്‍ അന്വേഷണ വിധേയമാക്കിയിട്ടില്ലെന്നും കോടതി വിലയിരുത്തി.
|