ഇന്നു മുതല്‍ സംസ്ഥാനത്തെ വന്‍കിട വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍ക്കട്ട് ഇന്ന് നിലവില്‍ വരും. ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്‌താക്കള്‍ക്കാണ് ഇതു ബാധകം.
പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്തെ രണ്ടായിരത്തോളം വ്യവസായങ്ങളെ ബാധിക്കും. ഏലൂര്‍ വ്യവസായ മേഖലയ്‌ക്ക് ഇത് കനത്ത ആഘാതമാകും. കഴിഞ്ഞ ദിവസം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ സിറ്റിംഗിലായിരുന്നു പവര്‍ക്കട്ട് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കിയത്.
ഇപ്പോഴത്തെ സ്ഥിതിയില്‍ രണ്ടു മാസം പവര്‍കട്ട് തുടരും. 2007 ഏപ്രില്‍ ഒന്നു മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള ശരാശരി ഉപയോഗം കണക്കാക്കിയാണ് ഓരോ ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്‌താക്കളുടേയും 75 ശതമാനം ഉപയോഗം എത്രയെന്ന് തീരുമാനിക്കുന്നത്.
സെപ്‌റ്റംബര്‍ ഒന്നിനോ അതിനു മുമ്പോ സംസ്ഥാനത്തിന്‍റെ ഊര്‍ജ നില റെഗുലേറ്ററി കമ്മിഷന്‍ വീണ്ടും അവലോകനം ചെയ്യും. പവര്‍കട്ട് തുടരണമോയെന്നത് ഈ അവലോകനത്തില്‍ തീരുമാനിക്കും. ആഡംബര വിളക്കുകള്‍, അനാവശ്യ ദീപാലങ്കാരങ്ങള്‍ എന്നിവ നിയന്ത്രിക്കണമെന്നു റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബോര്‍ഡ് ഓഫീസുകളില്‍ വൈദ്യുതി ഉപയോഗം 25 ശതമാനം കുറയ്‌ക്കും. പവര്‍ക്കട്ട് പല കമ്പനികളുടെയും പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് വ്യവസായ യൂണിറ്റുകള്‍ ഇനി മൂന്നിരട്ടി അധിക തുക നല്‍കേണ്ടി വരും. ഇത് വന്‍ അധികച്ചെലവ് ഉണ്ടാക്കുന്നതിനാല്‍ തത്ക്കാലം ഉത്പാദനം നിര്‍ത്തിവയ്ക്കാനേ കമ്പനികള്‍ക്കാവൂ.
ഉത്പാദനം തുടരാന്‍ തീരുമാനിച്ചിരിക്കുന്ന കമ്പനികള്‍ക്കാകട്ടെ ഉത്പന്നത്തിന്‍റെ വില കൂട്ടേണ്ടി വരും. വിദേശ ഓര്‍ഡറുകളുള്ള കമ്പനികള്‍ക്ക് പവര്‍ക്കട്ട് വലിയ ബാധ്യതയാണ് ഉണ്ടാക്കുക. ഐ.ടി കമ്പനികള്‍ ജനറേറ്ററുകളെ ആശ്രയിക്കേണ്ട സാഹചര്യവും ഉണ്ടാവും. കമ്പനികള്‍ ഉത്പാദനം നിര്‍ത്തിവയ്ക്കുകയോ കുറയ്ക്കുകയോ ചെയ്താല്‍ നികുതി വരുമാനത്തെയും കാര്യമായി ബാധിക്കും.
|