കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ജാമറും വീഡിയോ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഇവയുടെ പ്രവര്‍ത്തനം ജയില്‍ ഐ.ജി വിലയിരുത്തി.
സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ജാമറും വീഡിയോ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നത്. പതിമൂന്ന് ജാമറുകളും 22 ക്യാമറകളും സ്ഥാപിച്ചു. സെന്‍ട്രല്‍ ജയിലില്‍ 12ഉം വനിതാ സെല്ലില്‍ ഒരു ജാമറുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജയിലിനുള്ളില്‍ മൊബൈല്‍ ജാമറുകള്‍ ഉപയോഗിക്കാനാവില്ല. സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളികള്‍ മൊബൈല്‍ ക്യാമറകള്‍ ഉപയോഗിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ജയില്‍ ഐ.ജി ജയിലിലെത്തി പുതിയ സംവിധാനത്തിന്‍റെ പ്രവര്‍ത്തനം വിലയിരുത്തി.
ഒരുമാസത്തിനുള്ളില്‍ ഇത് കമ്മിഷന്‍ ചെയ്യുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിരീക്ഷണ ക്യാമറകളില്‍ 17 എണ്ണം ചലിക്കുന്നവയാണ്. ജയിലിന്‍റെ കവാടം ഉള്‍പ്പടെ പ്രധാന സ്ഥലങ്ങളിലെല്ലാം ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. സൂപ്രണ്ടിന്‍റെ ഓഫീസില്‍ മോണിറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.
ക്യാമറയും ജാമറും പ്രവര്‍ത്തിപ്പിക്കുന്നതിന് ജയില്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കെല്‍ട്രോണാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്.
|