സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. കൊല്ലം, മലപ്പുറം ജില്ലകളില്‍ കടലാക്രമണം രൂക്ഷമായി. തെക്കന്‍ കേരളത്തിലാണ് പൊതുവെ ശക്തമായ മഴ പെയ്തത്.
ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കൊല്ലത്ത് കടലാക്രമണത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മണിയാര്‍ അണക്കെട്ടില്‍ ഷട്ടറുകള്‍ തുറന്നാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. തിരുവനന്തപുരത്ത് പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായി അനുഭവപ്പെട്ടു.
പതിനഞ്ചോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. എറണാകുളം ജില്ലയില്‍ ചാറ്റല്‍ മഴയാണ് ഉണ്ടായത്. ജില്ലയുടെ പല ഭാഗങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം പൊതുവേ ദുര്‍ബലമായിരുന്നു. മലപ്പുറത്തെ ചില ഭാഗങ്ങളില്‍ കടലാക്രമണം ഉണ്ടായി. പത്ത് വീടുകള്‍ പൂര്‍ണ്ണമായും 50 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നാല്‍പ്പതോളം വീടുകളില്‍ വെള്ളം കയറി. സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. കേരള തീരത്ത് അനുഭവപ്പെട്ട ചുഴി ഗോവന്‍ തീരത്തേയ്ക്ക് മാറിയത് കനത്ത മഴയ്ക്കുള്ള സാധ്യത ഇല്ലാതാക്കി.
ഇന്നും നാളെയും ചില ഭാഗങ്ങളില്‍ ശക്തമായ മഴ തുടരും. പിന്നീട് ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷത്തില്‍ 43 ശതമാനത്തിന്‍റെ കുറവാണ് ഇതുവരെ കേരളത്തിലുണ്ടായത്.
|