മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ കിടപ്പുമുറിയുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. മുഖ്യമന്ത്രിയുടെ കിടക്കയിലേക്കാണ് കോണ്‍ക്രീറ്റ് അടര്‍ന്ന് വീണത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അപകട സമയത്ത് മുഖ്യമന്ത്രി കുളിമുറിയിലായിരുന്നതിനാല്‍ അപകടം ഒഴിവായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിലെ താഴത്തെ നിലയിലുള്ള കിടപ്പ് മുറിയിലാണ് മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണത്. മേല്‍ക്കൂരയുടെ പ്ലാസ്റ്റര്‍ ചെയ്തിരുന്ന ഭാഗം അടര്‍ന്ന് കട്ടിലിലേക്ക് വീഴുകയായിരുന്നു.
ഈ സമയം മുഖ്യമന്ത്രി കുളിമുറിയിലേക്ക് കയറിയിരുന്നു. എഴുത്തും വായനയും യോഗയുമെല്ലാം ഈ മുറിയിലാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കോണ്‍ക്രീറ്റ് കഷണങ്ങള്‍ അടര്‍ന്ന് വീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം കുളിമുറിയിലേക്ക് കയറിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലിഫ് ഹൌസിലെത്തി പരിശോധന നടത്തി.
|