സിസ്റ്റര്‍ അഭയകേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി അടുത്തമാസം നാലിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് വൈദികരിലും കന്യാസ്ത്രീയിലും നടത്തിയ നുണപരിശോധന ചിത്രീകരിച്ച സി.ഡി പരിശോധിച്ച ശേഷം വാദം കേള്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സി.ഡി കഴിഞ്ഞ ദിവസം തന്നെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്ന് വാദം കേട്ട ജസ്റ്റിസ്റ്റ് രാംകുമാര്‍ ഈ സി.ഡി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വിലയിരുത്തി. സി.ഡി കണ്ടതിന് ശേഷം കേസ് പരിഗണിക്കാം. അവശ്യമെങ്കില്‍ അഭയയുടെ പിതാവ് തോമസിന്‍റെ വാദം സി.ഡി കണ്ടതിന് ശേഷം കേള്‍ക്കും.
അടുത്ത മാസം നാലിന് കോടതി കേസ് പരിഗണിക്കും. കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നില്ലെന്ന് കാണിച്ച് അഭയയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ്.വി.രാംകുമാറിന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് പരിഗണിച്ചത്. ഇക്കാര്യത്തില്‍ കോടതിയുടെ ആവശ്യപ്രകാരം സി.ബി.ഐ ഇടക്കാലറിപ്പോര്‍ട്ടും നാര്‍ക്കോ അനാലിസിസ് ചിത്രീകരിച്ച വീഡിയോയും ഹൈക്കോടതിക്ക് കൈമാറിയിരുന്നു.
രണ്ടാമത്തെ കേസ് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയതാണ്. അഭയക്കേസ് അന്വേഷിച്ചിരുന്ന സി.ബി.ഐ മേധാവിയെ പെട്ടെന്ന് മാറ്റിയതിനെതിരെയാണ് വിശദീകരണം ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.
|