ക്ലസ്റ്റര്‍ യോഗത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു. മലപ്പുറം വാലില്ലാപ്പുഴ സ്കൂളിലെ പ്രധാന അധ്യാപകന്‍ ജയിംസാണ് മരിച്ചത്.
കിഴശ്ശേരി ജി.എം.എല്‍.പി സ്കൂളില്‍ ക്ലസ്റ്റര്‍ പരിശീലനത്തിനെത്തിയതായിരുന്നു അദ്ദേഹം. ജയിംസ് അഗസ്റ്റിന്‍റെ തലയുടെ പിന്‍ഭാഗത്ത് മുഴയുണ്ടായിരുന്നു. ഷര്‍ട്ടില്‍ ചോരയുണ്ടായാതയും പരിക്ക് പറ്റിയിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്ലസ്റ്റര്‍ യോഗങ്ങള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയിരുന്നു.
വിവാദ പാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വാലില്ലാപുഴ സ്കൂളില്‍ നടന്ന ക്ലസ്റ്റര്‍ യോഗത്തിലേക്ക് ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ അധ്യാപകരെ ആക്രമിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ജയിംസിന്‍റെ ഡയറി പിടിച്ചുവാങ്ങി താള്‍ കീറിയെടുത്തതായും തുടര്‍ന്നുള്ള പിടിവലിയില്‍ അദ്ദേഹം താഴെ വീഴുകയുമായിരുന്നു.
നെഞ്ചിലും കഴുത്തിലും മര്‍ദ്ദനമേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് തന്നെ അദ്ദേഹം മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
ഇവിടെ അക്രമം നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവം നിര്‍ഭാഗ്യകരമായി പോയെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പറഞ്ഞു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
|