സംസ്ഥാനത്തെ ആറ് സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി ഉണ്ടാക്കിയ ധാരണയ്ക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.
അപേക്ഷ അടിയന്തിരമായി പരിഗണിക്കുന്നതിനായി സര്‍ക്കാര്‍ അടുത്തയാഴ്ച കോടതിയില്‍ പ്രത്യേക പരാമര്‍ശം നടത്തും. ഇന്‍റര്‍ ചര്‍ച്ച് കൌണ്‍സിലിന് കീഴിലുള്ള നാല് സ്ഥാപനങ്ങള്‍ ഒഴികെയുള്ള ആറ് സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി ഉണ്ടാക്കിയ ധാരണ പ്രകാരം 50 ശതമാനം സീറ്റുകള്‍ മാനേജ്‌മെന്‍റിനും 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനും ലഭിക്കും.
മെറിറ്റ് സീറ്റില്‍ 45,000 രൂപയും മാനേജ്‌മെന്‍റ് സീറ്റില്‍ അഞ്ചര ലക്ഷം രൂപ ഫീസും അഞ്ച് ലക്ഷം രൂപ നിക്ഷേപവുമായി ഈടാക്കാമെന്നാണ് വ്യവസ്ഥ. ഇത് അംഗീകരിക്കാതെ കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിറ്റി നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഇനാംദാര്‍ കേസില്‍ സര്‍ക്കാരും മാനേജ്‌മെന്‍റുകളും തമ്മില്‍ ധാരണയുണ്ടാക്കാമെന്നും അതിനാല്‍ ഇപ്പോഴത്തെ ധാരണ അംഗീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. ധാരണയ്ക്കെതിരെ ചില വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ മുന്നോട്ട് പോകുന്നില്ലെന്നും ഈ പ്രശ്നത്തില്‍ സുപ്രീം കോടതി അടിയന്തിരമായി ഇടപെടണമെന്നും സര്‍ക്കാര്‍ അപേക്ഷിച്ചിട്ടുണ്ട്.
കേസ് ഉടന്‍ പരിഗണിക്കാന്‍ പ്രത്യേക പരാമര്‍ശം നടത്താനും നീക്കമുണ്ട്.
|