ഇന്നത്തെ ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.പി.ഐ മുഹമ്മദ് ഹനീഷ് അറിയിച്ചു. പങ്കെടുക്കാത്ത അധ്യാപകരുടെ കണക്കുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകം പിന്‍വലിക്കാത്ത പ്രതിപക്ഷ അധ്യാപക സംഘടനകളാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. യോഗത്തിനെത്തണമെന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പലയിടങ്ങളിലും അധ്യാപകര്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു.
ഈ സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യോഗത്തിനെത്താത്ത അധ്യാപകരുടെ പട്ടിക തയാറാക്കല്‍ ജോലി രാവിലെ മുതല്‍ തന്നെ എല്ലാ ജില്ലകളിലും ആരംഭിച്ചു. വൈകുന്നേരത്തോടെ കണക്കെടുപ്പ് പൂര്‍ത്തിയാകും. തിങ്കളാഴ്ച തന്നെ കേരള സര്‍വ്വീസ് ചട്ടപ്രകാരവും കെ.ഇ.ആര്‍ ചട്ടമനുസരിച്ചുമുള്ള നടപടികള്‍ എടുക്കും.
ഇക്കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്നും മുഹമ്മദ് ഹനീഷ് അറിയിച്ചു. അതേ സമയം ഇന്ന് ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപകരെ മിക്ക സ്ഥലങ്ങളിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ യൂത്ത് ലീഗ് മാര്‍ച്ച് അക്രമാസക്തമായി.
|