പാഠപുസ്തകത്തിന്‍റെ പേരില്‍ സമരം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ച പ്രതിപക്ഷം ഖേദം പ്രകടിപ്പിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു.
സമരത്തിന് പിന്നില്‍ ബാഹ്യശക്തികളുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെളിയം ഭാര്‍ഗവന്‍. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന സി.പി.ഐ കൌണ്‍സില്‍ യോഗത്തിന്‍റെ തീരുമാനങ്ങള്‍ അറിയിക്കാനാണ് അദ്ദേഹം പത്രസമ്മേളനം വിളിച്ചത്.
പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് സമരം തുടരാനുള്ള യു.ഡി.എഫ് തീരുമാനം ശരിയല്ല. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം ചില മാറ്റങ്ങള്‍ വരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ സമരം പിന്‍വലിക്കണം. അവര്‍ക്ക് സമരം പിന്‍വലിക്കാന്‍ പറ്റിയ സമയമാണിത്. ഇല്ലെങ്കില്‍ അവര്‍ക്ക് കനത്ത് നഷ്ടം നേരിടേണ്ടി വരും.
ചില ക്രിസ്തീയ പുരോഹിതന്മാരും പാഠപുസ്തകത്തിനെതിരായ സമരത്തിനുണ്ട്. ഇവര്‍ ആരോപിക്കുന്നതു പോലെ ഒന്നും പാഠപുസ്തകത്തിലില്ല. കമ്യൂണിസമോ മത വിരുദ്ധമായ കര്യങ്ങള്‍ അതിലില്ല. കമ്യൂണിസ്റ്റുകാര്‍ മതങ്ങളെയോ ദൈവാരധനയെയോ എതിര്‍ക്കുന്നില്ല. പാര്‍ട്ടിയിലുള്ള പലരും പള്ളിയിലും അമ്പലങ്ങളിലും പോകുന്നുണ്ടെന്നും വെളിയം പറഞ്ഞു.
മുന്‍ എം.എല്‍.എയായ സുപാലിനെ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ക്കയറി അറസ്റ്റ്ചെയ്ത സംഭവത്തെ വെളിയം വിമര്‍ശിച്ചു. മര്യാദകെട്ട ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണം. കോട്ടയത്ത് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരോടും പൊലീസ് അതിക്രമം കാട്ടി. പൊലീസ് മര്യാദയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതതെന്നും ഇതിന്‍റെ ഭവിഷ്യത്ത് ഇത്തരക്കാരായ പൊലീസുകാര്‍അനുഭവിക്കേണ്ടിവരുമെന്നും വെളിയം മുന്നറിയിപ്പ് നല്‍കി.
ഇക്കാര്യം കോടിയേരി ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫീസിന്‍റെ നടയിലും പൊലീസ് വന്നു. വിമോചന സമരകാലത്തുപോലും പാര്‍ട്ടി ഓഫീസുകളില്‍ പൊലീസ് കയറിയിട്ടില്ല. ഇതില്‍ നിന്നും പൊലീസ് പിന്മാറണം. ഇക്കാര്യം ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവക്കരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് മാറ്റണം. അമേരിക്കയോട് പുലര്‍ത്തുന്ന വിധേയത്വം കോണ്‍ഗ്രസ് അവസാനിപ്പിക്കണം. അമേരിക്ക ഇന്ത്യയെ അവരുടെ കാല്‍ക്കീഴിലാക്കാനാണ് ശ്രമിക്കുന്നത്. ചൈന അമേരിക്കയേക്കാള്‍ മുന്നിലെത്തുമെന്ന ഭയം അമേരിക്കയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
ചൈനയുടെ മുന്നേറ്റത്തിന് തടയിടാന്‍ ഇന്ത്യയുടെ സഹായം അവര്‍ക്ക് വേണം. അതിനുള്ള നീക്കങ്ങളാണ് അമേരിക്ക നടത്തുന്നത്. അതിന് കോണ്‍ഗ്രസ് കൂട്ടു നില്‍ക്കരുത്. ഇന്ത്യയും ചൈനയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും വെളിയം പറഞ്ഞു. ആണവക്കരാറിനെതിരെയുള്ള ശക്തമായ പ്രചരണം പാര്‍ട്ടിതലത്തിലും ഇടതുമുന്നണി തലത്തിലും ഉണ്ടാകുമെന്നും വെളിയം പറഞ്ഞു.
|