പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്കൂള്‍ ശുചിത്വ പരിപാടിക്ക് കര്‍മ്മപദ്ധതി  Search similar articles
മാലിന്യമുക്ത കേരളം പദ്ധതി ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും നേതൃത്വത്തില്‍ സ്കൂള്‍ ശുചിത്വ പരിപാടി 2008 നടപ്പിലാക്കുന്നു.

മാലിന്യജന്യ രോഗങ്ങളായ ചിക്കുന്‍ഗുനിയ, ഡെങ്ക്യു, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ വരുന്നതിനും പടരുന്നതിനുമുള്ള സാഹചര്യങ്ങള്‍ നമുക്കുചുറ്റും നിലനില്‍ക്കുകയാണ്‌. ഇതിന്‌ പ്രധാന ഉത്തരവാദി അലക്‍ഷ്യമായി വലിച്ചെറിയുന്ന മാലിന്യവും, കെട്ടിക്കിടക്കുന്ന വെള്ളവും പരിസരത്തിന്‍റെ വൃത്തിയില്ലായ്മയുമാണ്‌.

അതിനാല്‍ ഈച്ചയും കൊതുകും വളരുന്ന സാഹചര്യം ഇല്ലാതാക്കി രോഗപ്രതിരോധത്തിനും, പകര്‍ച്ചവ്യാധികളെ തടയുന്നതിനും, വൃത്തിയും വെടിപ്പുമുള്ള സ്കൂള്‍ കാമ്പസുകള്‍ സൃഷ്ടിക്കുകയാണ്‌ ലക്‍ഷ്യം. ഇതിനായി സ്കൂള്‍ കോമ്പൗണ്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന്‌ ഉറപ്പുവരുത്തും.

എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേ ആചരിക്കുകയും ക്ലാസ്സുകളിലോ സ്കൂള്‍ പരിസരത്തോ യാതൊരു വിധ മാലിന്യങ്ങളും വലിച്ചെറിയാതെ ശുചിത്വത്തോടെ സൂക്ഷിക്കുകയും വേണം. സ്കൂളുകളില്‍ ആരംഭിച്ച്‌ വീടുകളിലേയ്ക്ക്‌ ഈ ശുചിത്വ സന്ദേശം എത്തിക്കുന്നതിനും കര്‍മ്മ പരിപാടി ലക്‍ഷ്യമിടുന്നു.

ക്ലാസ്‌റൂം ശുചിത്വം, സ്കൂള്‍ പരിസരത്തിന്‍റെ വൃത്തി, ഉച്ചഭക്ഷണത്തിന്‍റെ അവശിഷ്ടം കുറയ്ക്കല്‍‍, ഭക്ഷണം കഴിക്കുന്ന സ്ഥലത്തിന്‍റെ വൃത്തി, മാലിന്യങ്ങള്‍ സംസ്കരിക്കുന്ന സംവിധാനം സ്ഥാപിക്കല്‍, മലിനജലം ഒഴുക്കി കളയുന്നതിനുള്ള സോക്കേജ്പിറ്റുകള്‍, കുടിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തല്‍, മഴവെള്ളസംഭരണം, പ്ലാസ്റ്റിക്‌ മാലിന്യം ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂള്‍ മൂത്രപ്പുരയും കക്കൂസും വൃത്തിയായി സൂക്ഷിക്കല്‍, പച്ചക്കറി/ഔഷധത്തോട്ടത്തിന്‍റെ നിര്‍മ്മാണം, കളിസ്ഥലത്തിന്‍റെ ഭംഗി എന്നീ ലക്‍ഷ്യങ്ങളിലേയ്ക്ക്‌ എത്തുന്നതിനാണ്‌ കര്‍മ്മ പരിപാടി വിഭാവനം ചെയ്യുന്നത്‌.

സ്കൂള്‍ കുട്ടികളുടെ പഠനപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും സാധിക്കും. ഇതിനാകെ നേതൃത്വം കൊടുക്കുന്നതിന്‌ സ്കൂള്‍തല ഹെല്‍ത്ത്‌ ആന്‍റ് സാനിട്ടേഷന്‍ ക്ലബ്‌ രൂപീകരിക്കുകയും അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടേയും പ്രതിനിധികള്‍ അംഗങ്ങള്‍ ആയിരിക്കുന്ന ഈ ക്ലബിന്‍റെ നേതൃത്വത്തില്‍, ആരോഗ്യ, ജലവിഭവ, വികസന വകുപ്പുകളുടെ സാങ്കേതിക സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തും.

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൗണ്‍സില്‍ ഈ പ്രവര്‍ത്തനങ്ങളാകെ നേതൃത്വം നല്‍കുന്നതും, ഓരോ സ്കൂളിലും ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അതത്‌ കൗണ്‍സില്‍ രൂപപ്പെടുത്തും. ക്ലാസ്‌റൂമിന്‍റെ ശുചിത്വപൂര്‍ണ്ണമായ പരിപാലനം മുതല്‍ സ്കൂളിലെ മാലിന്യസംസ്കരണം, ടോയ്‌ലറ്റുകളുടെ വൃത്തി, ശുചിത്വമുള്ള കിണറും, മഴവെള്ളം സംഭരിക്കല്‍, വൃത്തിയായ പാചകപ്പുര, പ്ലാസ്റ്റിക്‌ വിമുക്ത കാമ്പസ്‌ എന്നിവ സമയബന്ധിതമായി കൈവരിക്കുന്ന സ്കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കും .

കുടിവെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിനും അതിന്‍റെ അടിസ്ഥാനത്തില്‍ ശുദ്ധീകരണം ആവശ്യമെങ്കില്‍ അത്‌ നിര്‍ദ്ദേശിക്കുന്നതിനും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ ലാബട്ടറികള്‍ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി ലക്‍ഷ്യമിടുന്നു.
കൂടുതല്‍
ബൗദ്ധിക സ്വത്തവകാശം: ഏജന്‍സി രൂപീകരിക്കും
തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക്
പ്ലസ്‌വണ്‍: രണ്ടാം അലോട്ട്‌മെന്‍റായി
ഭാഗ്യക്കുറി ഓണം ബമ്പര്‍ പുറത്തിറക്കി
ഡബ്ലിയു.ടി..ഒ. മാര്‍ഗ്ഗരേഖ ദക്ഷിണേന്ത്യക്ക്‌ ആഘാതം
കോയമ്പത്തൂര്‍ സ്ഫോടനം: ഹര്‍ജി സ്വീകരിച്ചു