വനം വകുപ്പിന്‍റെ തടി ഡിപ്പോകളില്‍ ഇനി മുതല്‍ 25 ശതമാനം തടി പൊതുജനങ്ങള്‍ക്ക് ചില്ലറ വില്‍പനയിലൂടെ നല്‍കുന്നതിന് നീക്കി വയ്ക്കുമെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സ്വന്തം ആവശ്യത്തിന് വേണ്ടി തടി വാങ്ങുന്നവര്‍ക്ക് മൂന്നും നാലും ക്ലാസ്സ് തേക്കു തടികളാണ് നല്‍കുക. സ്വന്തം ആവശ്യത്തിനാണ് തടി വാങ്ങുന്നതെന്ന് തെളിയിക്കാന്‍ വിലാസം തെളിയിക്കുന്ന രേഖ, റേഷന്‍കാര്‍ഡ്, ബില്‍ഡിങ് പെര്‍മിറ്റ്, അംഗീകരിച്ച പ്ലാന്‍ തുടങ്ങിയ രേഖകള്‍ ഹാജരാക്കണം.
ഒരു അപേക്ഷകന്‍ പരമാവധി അഞ്ച് ക്യൂബിക് മീറ്റര്‍ തടിവരെ നല്‍കും. ഡിപ്പോ ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല, അച്ചന്‍കോവില്‍, മുള്ളുമല, പുനലൂര്‍, തൂയം, കടയ്ക്കാമണ്‍, പത്തനാപുരം, കോന്നി, വീയപുരം, അരീക്കക്കാവ്, കോതമംഗലം, തലക്കോട്, വെട്ടിക്കാട്, പാറമ്പുഴ, പെരുമ്പാവൂര്‍: ചാലക്കുടി, വിട്ടൂര്‍, മുടിക്കല്‍, ചെട്ടിക്കുളം, വരാപ്പുഴ, അരുവാക്കോട്, നെടുങ്കയം, വാളയാര്‍, ചാലിയം, കുപ്പാടി, മഞ്ചക്കല്‍, നഞ്ചന്‍കുഡ്, പരപ്പ, കണ്ണോത്ത്, ബാവേലി എന്നീ ഡിപ്പോകള്‍ വഴിയാണ് വില്‍പന.
തടിയുടെ പത്തിലൊന്ന് (പരമാവധി 20,000രൂപ) പണമായോ അതാതിടങ്ങളില്‍ മാറാവുന്ന ഡ്രാഫ്റ്റായോ ഉടനെയും നികുതികള്‍ ചേര്‍ത്തുള്ള ബാക്കി തുക മൂന്നു ദിവസത്തിനകവും അടയ്ക്കണം. മൊത്തം തടി വില 20,000 രൂപയില്‍ താഴെയാണെങ്കില്‍ അന്നുതന്നെ മുഴുവന്‍ തുകയും അടയ്ക്കാം.
|