ഏകജാലക സംവിധാനപ്രകാരമുള്ള പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്‌മെന്‍റിന്‍റെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ www.hscap.kerala.gov.in, www.hscap.kerala.nic.in, www.hscap.itschool.gov.in വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
രണ്ടാം ലിസ്റ്റ് പ്രകാരം പുതുതായി അലോട്ടമെന്‍റ് ലഭിച്ചവരും ഹയര്‍ ഓപ്ഷനുകളിലേക്ക് മാറ്റം ലഭിച്ചവരും അലോട്ട്‌മെന്‍റ് ലഭിച്ച സ്കൂളുകളില്‍ ജൂലൈ 19, 21 തീയതികളിലായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്‍റുകളില്‍ പരിഗണിക്കില്ല.
22ന് രാവിലെ 11 മണിക്ക് മുമ്പ് പ്രിന്‍സിപ്പല്‍മാര്‍ അഡ്മിഷന്‍ വിവരങ്ങള്‍ നോഡല്‍ സെന്‍ററില്‍ എത്തിക്കുകയും നോഡല്‍ സെന്‍ററുകള്‍ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വിവരങ്ങള്‍ അപ് ലോഡ് ചെയ്യുകയും വേണം. ആദ്യത്തെ ലിസ്റ്റില്‍ അലോട്ട്‌മെന്‍റ് ലഭിച്ച 1,85,898 പേരില്‍ 25,641 വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാറ്റം ലഭിച്ചു.
ആദ്യ ലിസ്റ്റില്‍ ഇടം നേടാതിരുന്ന 32,567 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഇത്തവണ പുതുതായി അലോട്ട്‌മെന്‍റ് ലഭിച്ചിട്ടുണ്ട്. ഉയര്‍ന്ന ഓപ്ഷനിലേക്ക് മാറ്റം ലഭിച്ച വിദ്യാര്‍ത്ഥികള്‍ പുതിയ ഓപ്ഷനിലേക്ക് മാറിപ്പോകുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
|