പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡബ്ലിയു.ടി..ഒ. മാര്‍ഗ്ഗരേഖ ദക്ഷിണേന്ത്യക്ക്‌ ആഘാതം  Search similar articles
V. S Achuthanandan
KBJWD
ലോക വ്യാപാര സംഘടനയുടെ മന്ത്രിതല മിനി ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന പുതുക്കിയ കരട്‌ മാര്‍ഗ്ഗരേഖ ദക്ഷിണേന്ത്യയ്ക്ക്‌ വലിയ ആഘാതമാകുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനയച്ച കത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. തിങ്കളാഴ്ച മുതലാണ് ഉച്ചകോടി ആരംഭിക്കുന്നത്. ദോഹ വട്ടചര്‍ച്ചകളുടെ അന്തിമവട്ട സംഭാഷണങ്ങള്‍ക്കായാണ്‌ ഉച്ചകോടി ചേരുന്നത്‌. ഉച്ചകോടി പരിഗണിക്കുന്ന കരട്‌ മാര്‍ഗ്ഗരേഖ വികസ്വര രാജ്യങ്ങളുടെ താല്‍പര്യങ്ങളെ ഹാനികരമായി ബാധിക്കുമെന്ന ആശങ്കകള്‍ ശരിവയ്ക്കുന്നതാണെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഉറുഗ്വേ വട്ടചര്‍ച്ചയുടെ ഫലമായി വന്‍ പ്രതിസന്ധി നേരിട്ട കാര്‍ഷികമേഖലയ്ക്ക്‌ പുറമെ വ്യവസായ മേഖലയ്ക്കും ഇത്‌ വലിയ തിരിച്ചടിയാകും. മൂന്നാം ലോകരാജ്യങ്ങളിലെ ഭൂരിഭാഗം ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ്‌ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള കരട്‌ രേഖ.

അസന്തുലിതവും നീതിയുക്തമല്ലാത്തതുമായ തീരുമാനങ്ങളിലേക്കാണ്‌ ദോഹ വട്ടചര്‍ച്ചകള്‍ പോകുന്നത്‌. ഇത്‌ ഒഴിവാക്കാന്‍ കേന്ദ്രഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്ന്‌ ശ്രമമുണ്ടായിട്ടില്ല. ആണവകരാറിന്‌ പിന്നാലെ സാമ്രാജ്യത്വ ശക്തികള്‍ക്കുമുന്നിലുള്ള മറ്റൊരു വലിയ കീഴടങ്ങലാണിത്‌ മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

കരട്‌ രേഖ തള്ളിക്കളയുന്നതോടൊപ്പം വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കാനുള്ള കരട്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ വന്‍ ഭീഷണിയാകും.

അതേസമയം വികസിത രാജ്യങ്ങള്‍ കര്‍ഷകര്‍ക്ക്‌ നല്‍കുന്ന ഉയര്‍ന്ന സബ്സിഡി തുടരുന്നത്‌ ദോഷകരമാകും. പാശ്ചാത്യരാജ്യങ്ങള്‍ നല്‍കുന്ന സബ്സിഡികള്‍ അതേപടി നിലനിര്‍ത്തി വികസ്വരരാജ്യങ്ങള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം വലിയ തോതില്‍ വെട്ടിക്കുറയ്ക്കണമെന്നാണ്‌ കരട്‌ രേഖയിലെ ആവശ്യം.

അമേരിക്ക കാര്‍ഷകരംഗത്ത്‌ നല്‍കുന്ന സബ്സിഡികള്‍ ഗ്രീന്‍ ബോക്സ്‌ എന്ന ഗണത്തില്‍പെടുത്തി അതേപടി തുടരുന്നു എന്നതും ശ്രദ്ധേയമാണ്‌. അത്തരം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതിചെയ്യുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം 36 ശതമാനംവരെ കുറയ്ക്കേണ്ടിവരും.

തങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ 20 ശതമാനമെങ്കിലും പ്രത്യേക ഉല്‍പ്പന്നമെന്ന ഗണത്തില്‍ പെടുത്തണമെന്ന വികസ്വര രാജ്യങ്ങളുടെ ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. എട്ട്‌ ശതമാനമാണ്‌ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. അതില്‍ തന്നെ വെറും 3.2 ശതമാനത്തിന്‌ മാത്രമേ പൂര്‍ണ്ണമായ ഇളവിന്‌ അര്‍ഹതയുള്ളൂ. ബാക്കിയുള്ളതിന്‌ 15 ശതമാനം കിഴിവ്‌ മാത്രമാണ്‌ അനുവദിച്ചത്‌.

കോടിക്കണക്കിനു വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊന്നും കരട്‌ മുന്നോട്ടുവച്ചിട്ടില്ല. ഇറക്കുമതി മൂലം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌ വന്‍തോതില്‍ വില ഇടിയും. ഇതിനെ പ്രതിരോധിക്കാന്‍ മുന്നോട്ടവച്ചിട്ടുള്ള പ്രത്യേക സുരക്ഷാസംവിധാനം ഫലപ്രദമല്ല.

കാര്‍ഷികേതര വിപണി സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വികസിതരാഷ്ട്രങ്ങളുടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതാണ്‌. വ്യവസായ മേഖലയെ കനത്ത പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുന്ന നിര്‍ദ്ദേശങ്ങളാണ്‌ ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്‌. പുതിയ പ്രസിഡന്‍റ്‌, കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പകള്‍ക്ക്‌ ശേഷം അമേരിക്ക കൂടുതല്‍ സൗജന്യങ്ങള്‍ക്ക്‌ ശ്രമിക്കുമെന്ന വസ്തുതയും നാം കാണണമെന്ന്‌ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ലോകവ്യാപാര സംഘടനയുടെയും മറ്റ്‌ അനുബന്ധസ്ഥാപനങ്ങളുടെയും തീരുമാനങ്ങള്‍ക്ക്‌ വഴങ്ങിയതുമൂലം രാജ്യത്തിനുണ്ടായ കഷ്ടനഷ്ടങ്ങള്‍ വളരെ വലുതാണ്‌. യുദ്ധത്തിലും പ്രകൃതി ക്ഷോഭത്തിലും പെട്ട്‌ മരിക്കുന്നവരെക്കാള്‍ അധിക പേര്‍ ഉദാരവല്‍ക്കരണ നടപടികളുടെ തിക്തഫലം മൂലം ആത്മഹത്യ ചെയ്തുകഴിഞ്ഞു.

ആത്മഹത്യകള്‍ ഇപ്പോഴും തുടരുകയാണ്‌. ഉറുഗ്വേ വട്ടചര്‍ച്ചയില്‍ ഉണ്ടായ തെറ്റ്‌ വീണ്ടും ആവര്‍ത്തിക്കാതിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൂടുതല്‍
കോയമ്പത്തൂര്‍ സ്ഫോടനം: ഹര്‍ജി സ്വീകരിച്ചു
പരുന്ത് ആദ്യമെത്തിയത് താനൂരില്‍
വെളിയം രാജന്‍ ഡെപ്യൂട്ടി മേയര്‍
പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കണം - ബേബി
അഭിഭാഷകര്‍ ബഹിഷ്ക്കരണം അവസാനിപ്പിച്ചു
ആണവക്കരാര്‍: ലീഗിന്‍റേത് കാപട്യം