പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒമ്പത് ജില്ലകളില്‍ വൃക്ഷവത്ക്കരണം  Search similar articles
വനം - മത്സ്യബന്ധന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഹരിതതീരം രണ്ടാംഘട്ട പദ്ധതിയില്‍ ഒന്‍പത്‌ ജില്ലകളിലെ 77.50 ഹെക്ടര്‍ തീരപ്രദേശത്ത്‌ വൃക്ഷത്തൈകള്‍ നടുമെന്ന്‌ വനം മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

പദ്ധതി നടത്തിപ്പിന്‌ മന്ത്രി ബിനോയ്‌ വിശ്വത്തിന്‍റെ അദ്ധ്യക്ഷതയില്‍ നിയമസഭാ കോംപ്ലക്സില്‍ നടന്ന ആലോചനായോഗത്തിലാണ്‌ ഹരിതതീരം പദ്ധതി ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിച്ചത്‌. മത്സ്യത്തൊഴിലാളികളുടേയും ബഹുജനങ്ങളുടേയും പങ്കാളിത്തം പദ്ധതിയുടെ വിജയത്തിന്‌ ഉറപ്പാക്കണമെന്ന്‌ മന്ത്രി നിര്‍ദ്ദേശിച്ചു.

സാമൂഹ്യവനവത്കരണത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന ഹരിതതീരം പദ്ധതിയുടെ രണ്ടാംഘട്ടം ഓഗസ്റ്റ്‌ 22 -ന്‌ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യും. 30 -നകം ജില്ലാതല ഉദ്ഘാടനങ്ങളും തൈ നടീലും നടത്താനാണ്‌ ലക്‍ഷ്യം. ഓരോ ജില്ലയിലും പദ്ധതി നടത്തിപ്പ്‌ സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിന്‌ ജൂലൈ 18 -ന്‌ യോഗം ചേരും.

ഹരിതവത്ക്കരണത്തിനുള്ള പ്രോജക്ട്‌ തയ്യാറാക്കുന്നതിനും തീരസംരക്ഷണ വനവത്ക്കരണ സമിതികളെ ശക്തിപ്പെടുത്തുന്നതിനും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സമിതികള്‍ക്ക്‌ സമ്മാനം നല്‍കും . രണ്ടാംഘട്ട പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തീരപ്രദേശത്ത്‌ വൃക്ഷവത്കരണം നടത്തുന്നത്‌ കാസര്‍കോടാണ്‌.

ഇവിടെ 27ഹെക്ടര്‍ സ്ഥലത്ത്‌ തൈകള്‍ നടും. എറണാകുളത്ത്‌ 13 -ഉം, ആലപ്പുഴയില്‍ 10.5 ഉം ഹെക്ടര്‍ സ്ഥലങ്ങളിലാണ്‌ തൈകള്‍ നടുന്നത്‌. കൊല്ലം - ആറ്‌, തിരുവനന്തപുരം - രണ്ട്‌, തൃശൂര്‍ - നാല്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അഞ്ച്‌ ഹെക്ടര്‍ വീതവും തീരങ്ങളില്‍ വൃക്ഷവത്ക്കരണം നടത്തും.

ഹരിതതീരം പദ്ധതിയില്‍ ഇതുവരെ 105 ഹെക്ടര്‍ പ്രദേശത്ത്‌ വൃക്ഷവത്ക്കരണം നടപ്പാക്കിയിട്ടുണ്ട്‌. സാധ്യമായ എല്ലാതീരപ്രദേശത്തും വൃക്ഷവത്ക്കരണം നടപ്പാക്കി പ്രകൃതിക്ഷോഭങ്ങളെ ചെറുക്കാന്‍ പദ്ധതി ലക്‍ഷ്യമിടുന്നു. ഹരിതതീരം രണ്ടാംഘട്ട പദ്ധതി ഭാഗമായി തീരപ്രദേശത്തെ കുട്ടികളെ പങ്കെടുപ്പിച്ച്‌ കവിത, ലേഖനം തുടങ്ങിയവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.

വനം, മത്സ്യബന്ധനം വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
കൂടുതല്‍
ഇന്ത്യയെ അടിയറ വയ്ക്കാന്‍ ശ്രമം - വി.എസ്
പാഠപുസ്തകം: സമിതിയോഗം തിങ്കളാഴ്ച
പൂവരണി കേസ്: രാഖി അറസ്റ്റില്‍
വനിതാ അംഗത്തെ അപമാനിച്ചതായി പരാതി
പുനസംഘടനയില്‍ അതൃപ്തി - കരുണാകരന്‍
അസിസ്റ്റന്‍റ് ഗ്രേഡ്: സത്യവാങ്മൂലങ്ങള്‍ വിരുദ്ധമെന്ന്