രാജി വച്ച് പോയവര്‍ തിരിച്ചു വരുന്നത് മാക്ട ഫെഡറേഷന്‍റെ വിജയമാണെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. മലയാള സിനിമയില്‍ ട്രേഡ് യൂണിയന്‍ വിജയകരമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വിനയന്‍ പറഞ്ഞു.
കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍. മാക്ട ഫെഡറേഷന് ബദലായി സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ ഒത്തു തീര്‍പ്പിനായി തയാറായി തിരിച്ചുവന്നത് തെറ്റായ രീതിയിലാണ് ചിലര്‍ വ്യാഖ്യാനിച്ചത്. ഇത് ശരിയല്ലെന്ന് അറിയിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയത്.
മാക്ട ഫെഡറേഷന്‍ പിരിച്ചുവിട്ടുവെന്ന പ്രചാരണവും സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നുവെന്ന പ്രചരണവും തെറ്റാണ്. മാക്ട ഫെഡറേഷനില്‍ ഉറച്ച് നിന്നവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നാലിത് രാജി വച്ച് പോയവരുടെ പരാജയമാണെന്ന് കണക്കാക്കുന്നില്ല.
മാക്ട ഫെഡറേഷന്‍റെ പുതിയ ഭരണ സമിതിയെ ജനാധിപത്യ രീതിയിലായിരിക്കും തെരെഞ്ഞെടുക്കുക. മലയാള സിനിമയില്‍ മാക്ട ഫെഡറേഷനല്ലാതെ മറ്റൊരു സംഘടനയും വേണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം. മാക്ട ഫെഡറേഷനിലെ ഒരംഗവും മാധ്യമങ്ങളുമായി വിവാദ വിഷയങ്ങള്‍ സംസാരിക്കരുതെന്ന് ഒത്തു തീര്‍പ്പില്‍ വ്യവസ്തയുണ്ട്.
എന്നാല്‍ പ്രത്യേക അനുമതി വാങ്ങിയാണ് താന്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും വിനയന്‍ പറഞ്ഞു.
|