കേന്ദ്രത്തിന്‍റെ അനുമതിയോടെ ആവശ്യമെങ്കില്‍ ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് ഭേദഗതി ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കെ.പി യോഹന്നാന്‍റെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി യോഹന്നാന്‍റെ ബിലീവേഴ്സ് ചര്‍ച്ചില്‍ 1140 കോടി രൂപയുടെ വിദേശം പണം കിട്ടിയെന്നാണ് സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗത്തിന് കിട്ടിയിരിക്കുന്ന വിവരം.
ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഇന്‍റലിജന്‍സ് ഡി.ജി.പി ജേക്കബ് പുന്നൂസ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ബിലീവേഴ്സ് ചര്‍ച്ചിന് ലഭിച്ച 1140 കോടി രൂപയില്‍ 900 കോടി രൂപ എന്തിന് ചെലവഴിച്ചുവെന്ന് ചര്‍ച്ച് അധികൃതര്‍ക്ക് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുന്നു.
ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നുമുള്ള പണമിടപാടായതിനാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന കാര്യമാണ്. അതിനാല്‍ ഇതേക്കുറിച്ച് പരിശോധിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കെ.പി യോഹന്നാന്‍റെ ട്രസ്റ്റിന് ലഭിച്ചിട്ടുള്ള ഫണ്ടുകള്‍ ഫെമയുടെ ലംഘനമാണോയെന്ന് പരിശോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.
ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ സംസ്ഥാനത്ത് വ്യാപകമായി ഉയര്‍ന്ന് വരുന്നതുകൊണ്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രസ്റ്റുകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ട്രസ്റ്റുകള്‍ കുടുംബ ട്രസ്റ്റായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് വ്യാപകമായ ക്രമക്കേടിന് കാരണമാകും.
ഇതിന്‍റെ അടിസ്ഥാനത്തില്‍ വേണ്ടി വന്നാല്‍ ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് ഭേദഗതി ചെയ്യാനും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
|