കഞ്ചിക്കോട്ടെ നിര്‍ദിഷ്ട കോച്ച് ഫാക്ടറിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് റയില്‍വേ മന്ത്രാലയം നിയോഗിച്ച കണ്‍സള്‍ട്ടന്‍സി സ്ഥാപനം റൈറ്റ്‌സിന്‍റെ ഉന്നതസംഘം വ്യാഴാഴ്‌ച സ്ഥലപരിശോധന നടത്തും.
റീല്‍ ഇന്ത്യാ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസസ് (റൈറ്റ്‌സ്) ഗ്രൂപ്പ് ജനറല്‍ മാനേജര്‍ എസ്.വി.മല്ലിക്കും സംഘവും ഉച്ചയ്‌ക്ക് രണ്ടിനാണ് പരിശോധനയ്‌ക്കെത്തുന്നത്. റയില്‍വേക്കുവേണ്ടി വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏജന്‍സിയാണ് റൈറ്റ്‌സ്. കഴിഞ്ഞ റയില്‍വേ ബജറ്റിലാണ് കേരളത്തില്‍ ഒരു കോച്ച് ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കഞ്ചിക്കോട്ടെ വ്യവസായ മേഖലയ്ക്ക് അടുത്ത് ആയിരം ഏക്കര്‍ ഭൂമി കണ്ടെത്തുകയും ചെയ്തു. ഒരു കോച്ച് ഫാക്ടറിക്ക് വേണ്ട നിരവധി അനുബന്ധഘടകങ്ങള്‍ ഈ സ്ഥലത്ത് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. വൈദ്യുതിക്കായി നാല് സബ്സ്റ്റേഷനുകള്‍, ജലവിതരണത്തിനായി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മലമ്പുഴ അണക്കെട്ട്, ഗതാഗത സൌകര്യത്തിനായി ദേശീയ പാത 47, പാലക്കാട്-കോയമ്പത്തൂര്‍ റയില്‍പ്പാത തുടങ്ങിയ ഘടകങ്ങളാണ് സ്ഥലത്തിന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത്.
ഇക്കാര്യങ്ങളും വിലയിരുത്തുന്നതിനും സ്ഥലത്തിന്‍റെ ഭൂമി ശാസ്ത്രപരമായ അനുയോജ്യത പരിശോധിക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സംഘമെത്തുന്നത്. റൈറ്റ്‌സ് ചെയര്‍മാന്‍റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് എത്തുക. ഇവര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കോച്ച് ഫാക്ടറിയുടെ നോഡല്‍ ഓഫീസര്‍ ഉഷാടൈറ്റസും ഉണ്ടാകും.
സ്ഥലത്തിനുപുറമെ വൈദ്യുതി ലഭ്യതയാണ് ഫാക്ടറിക്ക് പ്രധാനമായും വേണ്ടത്. കഞ്ചിക്കോടിന് സമീപം എലപ്പുള്ളിയില്‍ 400 കെ.വി.സബ്‌സ്റ്റേഷന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ വൈദ്യുതിക്ക് പ്രശ്‌നമുണ്ടാവില്ല. എലപ്പുള്ളിയില്‍ സ്ഥാപിക്കുന്ന സബ്‌സ്റ്റേഷനില്‍ നിന്ന് നേരിട്ട് കഞ്ചിക്കോട്ടേക്ക് ലൈന്‍ വലിക്കാനാണ് വൈദ്യുതിവകുപ്പിന്‍റെ തീരുമാനം.
സ്ഥലപരിശോധനയ്‌ക്കുശേഷം റൈറ്റ്‌സ് ഉടന്‍തന്നെ കോച്ച് ഫാക്ടറിയുടെ നിര്‍മാണം സംബന്ധിച്ച് സമഗ്ര പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി റയില്‍വേബോര്‍ഡിന് സമര്‍പ്പിക്കും. ഇതിനുശേഷം കോച്ച് ഫാക്ടറിക്കുവേണ്ട സ്ഥലം ഏറ്റെടുത്തുനല്‍കുമെന്ന് നോഡല്‍ ഓഫീസര്‍ ഉഷാ ടൈറ്റസ് പറഞ്ഞു.
|