മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഓക്ക് ഫീല്‍ഡ് റിസോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ ഏറ്റെടുക്കും. ഏലപ്പാട്ട നിയമം ലംഘിച്ചതിനാലാണ് 75 സെന്‍റ് സ്ഥലവും കെട്ടിടവും മൂന്നാര്‍ ദൌത്യസംഘം ഏറ്റെടുക്കുന്നത്.
പെരുമ്പാവൂര്‍ സ്വദേശി റിമീഷിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഓക്ക് ഫീല്‍ഡ് റിസോര്‍ട്ട്. 1996 ലാണ് 37 മുറികളുള്ള റിസോര്‍ട്ട് ഇവിടെ പണികഴിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കെ. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ദൌത്യസംഘം ഈ മേഖലയിലെ ഇരുപത്തിയഞ്ചോളം റിസോര്‍ട്ടുകളില്‍ പരിശോധന നടത്തിയിരുന്നു.
ഏലപ്പാട്ട കുത്തക നിയമം ലംഘിച്ച് പണിത പത്തോളം കെട്ടിടങ്ങളുടെ പാട്ടക്കരാര്‍ റദ്ദാക്കുന്നതിന് ഇവര്‍ നടപടി സ്വീകരിച്ചിരുന്നു. ജില്ലാ കളക്ടറായിരുന്ന രാജു നാരായണ സ്വാമിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ലാന്‍റ് റവന്യൂ കമ്മിഷണര്‍ നടപടി തുടങ്ങിയപ്പോള്‍ ഉടമസ്ഥര്‍ കോടതിയെ സമീപിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഓക്ക് ഫീല്‍ഡ് റിസോര്‍ട്ട് ഇരിക്കുന്ന സ്ഥലവും കെട്ടിടവും സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും കെട്ടിടം പൊളിച്ച് നീക്കരുതെന്നും ഹൈക്കോടതി വിധിച്ചു. ഇതേ തുടര്‍ന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഇവര്‍ക്ക് 48 മണിക്കൂറിനകം ഭൂമി ഒഴിഞ്ഞ് പോകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു.
ഇന്ന് ഉച്ചയോടെ ഈ സമയപരിധി കഴിയും. അതിന് ശേഷം റിസോര്‍ട്ടും സ്ഥലവും ദൌത്യസംഘത്തിന്‍റെ നേതൃത്വത്തില്‍ ഏറ്റെടുക്കും.
|