പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പുലിജന്മം 2006 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. എം.ജി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ദൃഷ്ടാന്തം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടി.
ട്രാഫിക് സിഗ്നല്‍ എന്ന ചിത്രം സംവിധാനം ചെയ്ത മധുര്‍ ഭണ്ഡാര്‍ക്കര്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടന്‍. പരുത്തിവീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രിയാമണി മികച്ച നടിയായി. ദേശീയോത്ഗ്രഥനത്തിനുള്ള അവാര്‍ഡ് മേജര്‍ രവിയുടെ കീര്‍ത്തിചക്രയ്ക്ക് ലഭിച്ചു.
മികച്ച സഹനടനായി മറാഠി നടന്‍ ദിലീപിനെയും മികച്ച സഹനടിയായി കൊങ്കണാസെന്നിനെയും തെരെഞ്ഞെടുത്തു. ലെഗെ രഹോ മുന്നാഭായ് മികച്ച ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും മുന്നാഭായിക്കു തന്നെയാണ്. ഏകാന്തം എന്ന സിനിമയിലെ അഭിനയത്തിന് തിലകന് പ്രത്യേക ജൂറി പുരസ്കാരം നേടി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തെക്കേ ഇന്ത്യന്‍ സിനിമകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഏകാന്തം സംവിധാനം ചെയ്ത മധു കൈതപ്രത്തിന് ലഭിച്ചു. കറുത്തപക്ഷികളാണ് മികച്ച കുടുംബചിത്രം.
ആദ്യ ചലച്ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം മധു കൈതപ്രത്തിന്‍റെ ഏകാന്തവും കബീര്‍ ഖാന്‍റെ കാബൂള്‍ എക്‌സ്‌പ്രസും പങ്കിട്ടു. മികച്ച ജീവചരിത്ര ഡോക്യുമെന്‍ററി- മിനുക്ക് (സംവിധായകന്‍-എം.ആര്‍ രാജന്‍). ചലച്ചിത്ര നിരൂപണം-ജി.പി രാമചന്ദ്രന്‍. മികച്ച വിവരണം നെടുമുടി വേണു (മിനുക്ക്).
ബംഗാള്‍ സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കേരളത്തില്‍ സംവിധായകന്‍ ഹരികുമാര്‍, നിര്‍മ്മാതാവ് കിരീടം ഉണ്ണി എന്നിവര്‍ ജൂറിയില്‍ അംഗങ്ങളാണ്. 2005 ലെ അവാര്‍ഡ് നിര്‍ണയം കോടതി ഇടപെടലുകള്‍ മൂലം വൈകിയതിനാലാണ് 2006ലെ അവാര്‍ഡും വൈകാന്‍ കാരണം.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിവരെ അവാര്‍ഡ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് അവാര്‍ഡ് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്.
|