സ്വാമിമാരുടെ ഭൂസ്വത്ത് അന്വേഷിക്കുന്നു

തിരുവനന്തപുരം | M. RAJU| Last Modified വ്യാഴം, 22 മെയ് 2008 (13:47 IST)
ആത്മീയ വ്യാപാരം നടത്തുന്ന കപട സ്വാമിമാരുടെ ഭൂ സ്വത്തിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ആത്മീയതയുടെ പേരില്‍ ട്രസ്റ്റുകള്‍ രൂപീകരിച്ച് ഭൂമി തട്ടിപ്പ് നടത്തുന്നവരെ കുറിച്ച് റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ മുഖേനെ രഹസ്യാന്വേഷണം നടത്താനും ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി. ആത്മീയതയുടെ പേരില്‍ വിശ്വാസം ചൂഷണം ചെയ്ത് ഭൂമി തട്ടിപ്പും പണം തട്ടിപ്പും നടത്തുന്നവര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ നിര്‍ദ്ദേശം.

ആള്‍ ദൈവങ്ങളുടെ രാഷ്ട്രീയ ബന്ധവും ഭൂമി ഇടപാടുകളും അന്വേഷണ പരിധിയില്‍ വരും. കഴിഞ്ഞ അഞ്ച് മാസമായി ആഭ്യന്തരവകുപ്പ് നടത്തുന്ന രഹസ്യാന്വേഷണങ്ങള്‍ക്ക് പുറമേയാവുമിത്. സന്തോഷ് മാധവന്‍, സ്വാമി ഭദ്രാനന്ദ തുടങ്ങി കോഴിക്കോട്, കോട്ടയം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലെ സ്വാമിമാരുടെ ഭൂ സ്വത്തുകളെ കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

തട്ടിപ്പിന് ഇരയായവരുടെ പരാതികളും ക്രോഡീകരിക്കും. അന്വേഷണം അതത് മേഖലയിലെ ഐ.ജിമാരുടെ നേതൃത്വത്തിലായിരിക്കും. തിരുവല്ല കേന്ദ്രീകരിച്ച് ഒരു സുവിശേഷകന്‍ നടത്തുന്ന കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകളെ കുറിച്ച് പ്രത്യേകം അന്വേഷണം നടത്തും.

വ്യക്തികള്‍ എന്നതിന് പകരം ട്രസ്റ്റുകള്‍ രൂപീകരിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നവര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും. ഇതിനായി റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ക്ക് ആഭ്യന്തര വകുപ്പ് കത്ത് നല്‍കും. സംശയം തോന്നുന്ന ഭൂമിയിടപാട് പരിശോധിച്ച് പോക്കുവരവ് റദ്ദാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

രജിസ്ട്രേഷന്‍ വകുപ്പ് ഇതിനായുള്ള സ്വതന്ത്രാന്വേഷണം തുടങ്ങിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :