ആശുപത്രികള്‍ സാ‍ധാരണ നിലയില്‍

തിരുവനന്തപുരം | M. RAJU| Last Modified വ്യാഴം, 22 മെയ് 2008 (12:22 IST)
അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്മാറിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായി.

മിക്ക ഡോക്ടര്‍മാരും ആശുപത്രികളിലെത്തി ജോലികളില്‍ ഏര്‍പ്പെട്ടു. എല്ലാ ആശുപത്രികളിലെയും ഒ.പി വിഭാഗം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. സമരം മുന്നില്‍ക്കണ്ട് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന മിക്ക രോഗികളെയും ഡോക്ടര്‍മാ‍ര്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അതിനാല്‍ വാര്‍ഡുകളില്‍ വളരെ കുറച്ച് രോഗികള്‍ മാത്രമേയുള്ളൂ.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പതിവിലും കുറവ് രോഗികള്‍ മാത്രമേ ഇന്ന് ചികിത്സയ്ക്കായി എത്തിയിട്ടുള്ളൂ. ഡോക്ടര്‍മാര്‍ സമരം ഉപേക്ഷിച്ചതില്‍ രോഗികള്‍ തൃപ്തരാണ്. സമരത്തെ നേരിടുന്നതിന്‍റെ ഭാഗമായി സ്ഥലം മാറ്റിയ ഡോക്ടര്‍മാരെ അവര്‍ ജോലി ചെയ്തിരുന്ന ആശുപത്രികളില്‍ തന്നെ തുടരാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ഇന്‍ക്രിമെന്‍റിന് തുല്യമായ തുക സ്‌പെഷല്‍ പേ ആയി നല്‍കണമെന്നതടക്കമുള്ള കെ.ജി.എം.ഒയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഡോക്‌ടര്‍മാര്‍ അനിശ്‌ചിതകാല പണിമുടക്ക്‌ പിന്‍വലിച്ചുത്. ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയും ഡോക്‌ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും തമ്മില്‍ ഇന്നലെ ഉണ്ടാക്കിയ ധാരണപ്രകാരം എന്‍ട്രി കേഡറിലെ ഡോക്‌ടര്‍മാര്‍ക്ക്‌ 23,223 രൂപ വരെ പ്രതിമാസശമ്പളം ലഭിക്കുന്ന രീതിയില്‍ പുതിയ പാക്കേജ്‌ നടപ്പാക്കും.

സ്‌പെഷല്‍ പേ മേയ്‌ ഒന്നുമുതലും അലവന്‍സുകള്‍ 2007 ഏപ്രില്‍ ഒന്നിന്‍റെ മുന്‍കാല പ്രാബല്യത്തോടെയും നിലവില്‍ വരും. സര്‍വീസ്‌ സീനിയോറിറ്റിയനുസരിച്ചാവും ആനുകൂല്യങ്ങള്‍ നല്‍കുക. ഡോക്‌ടര്‍മാര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ അടുത്ത ശമ്പള പരിഷ്‌കരണക്കമ്മിഷന്‍റെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കും.

ഇതിനായി പ്രത്യേക ഉത്തരവിറക്കും. പുതിയ ധാരണകള്‍ ഹൈക്കോടതിയെ അറിയിക്കുമെന്ന്‌ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞു. പാക്കേജിലെ വ്യവസ്ഥകള്‍ പ്രകാരം എന്‍ട്രി കേഡറിലുളളവര്‍ക്ക്‌ 3,800 രൂപ, സിവില്‍ സര്‍ജന്‍മാര്‍ക്ക്‌ 4,200 രൂപ, ഡെപ്യൂട്ടി ഡയറക്‌ടര്‍മാര്‍ക്ക്‌ 4,700 രൂപ എന്നിങ്ങനെ വര്‍ധനയുണ്ടാകും.

ഇതനുസരിച്ച്‌ ഗ്രാമീണമേഖലയില്‍ എന്‍ട്രി കേഡറില്‍ ജോലിനോക്കുന്ന ഡോക്‌ടര്‍മാര്‍ക്ക്‌ 23,223 രൂപയും നഗരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ 22,023 രൂപയും ഇനി മുതല്‍ ലഭിക്കും. പി.ജി. അഡ്‌മിഷന്‍ ക്വാട്ട പുന:സ്‌ഥാപിക്കാനും നടപടി സ്വീകരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :