കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഹെന്‍ട്രി ഓസ്റ്റിന്‍റെ (88) മൃതദേഹം വൈകുന്നേരം സംസ്കരിക്കും. എറണാകുളം ഉണ്ണിമിശിഖാ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വ്യാഴാഴ്ച വൈകിട്ട് ഏഴേകാലോടെ തിരുവനന്തപുരത്ത് മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് വച്ച ഭൌതിക ശരീരം എറണാകുളത്തേയ്ക്ക് കൊണ്ടു പോയി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ആയിരക്കണക്കിന് പ്രവര്‍ത്തകരും ഹെന്‍ട്രി ഓസ്റ്റിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി കെ.പി.സി.സി ആസ്ഥാനത്ത് എത്തിയിരുന്നു. നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിക്ക് വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്‍കിയ നേതാവായിരുന്നു ഹെന്‍ട്രി ഓസ്റ്റിനെന്ന് കെ.കരുണാകരന്‍ അനുസ്മരിച്ചു.
കേന്ദ്ര മന്ത്രിയും എ.എ.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഹെന്‍ട്രി ഓസ്റ്റിന്‍ ഹൃദയാഘാതം മൂലമായിരുന്നു മരിച്ചത്. കെ.പി.സി.സി ആസ്ഥാനത്തിന് പുറമെ കൊല്ലത്തെ തറവാട്ട് വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. കൊച്ചിയിലെ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വസതിയില്‍ കൊണ്ടു വന്നതിന് ശേഷം മൃതദേഹം ഉണ്ണിമിശിഖാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
|