സൂചനാപണിമുടക്ക് നടത്തിയ ഡോക്ടര്‍മാരില്‍ നിന്നും പതിനാറ് പേരെ തെരെഞ്ഞ്‌പിടിച്ച് സ്ഥലം മാറ്റിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.
പ്രതികാര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംഘടന പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല. ആരോഗ്യ മേഖലയെ സ്തംഭിപ്പിക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ എത്രയും വേഗം പിന്മാറണമെന്നും സംഘടന ആവശ്യപ്പെടുന്നു.
2006 ല്‍ നടപ്പാക്കിയ ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ഡോക്‌ടര്‍മാരുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിന്‍റെ പാതയിലാണ്.
സമരം ഒത്തു തീര്‍പ്പാക്കുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.
|