സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ നാര്‍ക്കോ അനാലിസിസ് പരിശോധനകളുടെ അടിസ്ഥാനത്തില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
അഭയ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്‍റെ പശ്ചാത്തലത്തിലാണ് സി.ബി.ഐ ഈ വിശദീകരണം നല്‍കിയത്. വൈദികനെതിരായുള്ള നാര്‍കോ അനാലിസിസ് സൂചനകളുടെ അടിസ്ഥാനത്തില്‍ മാത്രം അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് സി.ബി.ഐ പറയുന്നു.
മാര്‍ച്ച് നാലിന് കോടതിയില്‍ നല്‍കിയ നാര്‍കോ അനാലിസിസ് റിപ്പോര്‍ട്ടില്‍ സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ ഒരു വൈദികന് പങ്കുള്ളതായി സൂചനയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് മറ്റ് തെളിവുകള്‍ ശേഖരിക്കാന്‍ സി.ബി.ഐക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. നാര്‍കോ അനാലിസിസ് ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ എന്ത് തീരുമാനം എടുക്കണമെന്നതിനെക്കുറിച്ച് സി.ബി.ഐ ആസ്ഥാനം പരിശോധിച്ച് വരികയാണ്‍.
പുതുതായി ചാര്‍ജെടുത്ത സി.ബി.ഐ അഡീഷണല്‍ ഡയറക്ടര്‍ രാധാവിനോദ് രാജീവനാണ് ഇപ്പോള്‍ ഈ കേസിന്‍റെ മേല്‍നോട്ടം. കൊലപാതകത്തില്‍ വൈദികന് പങ്കുള്ളതായുള്ള സൂചനകള്‍ നാര്‍കോ അനാലിസിസ് പരിശോധനയില്‍ ലഭിച്ചെങ്കിലും ഇത് തെളിയിക്കാനാവാശ്യമായ മറ്റ് തെളിവുകള്‍ സി.ബി.ഐക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന അന്തിമ റിപ്പോര്‍ട്ട് ജൂണ്‍ നാലിന് സി.ബി.ഐക്ക് കോടതിയില്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. അതിന് മുമ്പ് നാര്‍കോ അനാലിസിസ് ഫലം നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന് സി.ബി.ഐക്ക് തീരുമാനിക്കേണ്ടി വരും.
|