സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ വൈദികന് പങ്കുണ്ടെന്ന് സൂചന. ഇതു സംബന്ധിച്ച രഹസ്യ റിപ്പോര്‍ട്ട് സിബിഐ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
ബാംഗ്ലൂരില്‍ വച്ച് നടത്തിയ നാര്‍ക്കോ അനാലിസിന്‍റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് നലകിയിരിക്കുന്നത്. കോട്ടയം രൂപതയിലെ ചാന്‍സലര്‍ ഫാദര്‍. തോമസ് കോട്ടൂര്‍, ഫാദര്‍.ജോസ് പൂതൃക്ക, സിസ്റ്റര്‍ സെഫി എന്നിവരെയാണ് നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയത്.
ഇതില്‍, ഫാദര്‍ കോട്ടൂരിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന. നാര്‍ക്കോ അനാലിസിസ് നടത്തിയതിന്‍റെ പൂര്‍ണ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുമുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ജൂണ്‍ നാലിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.
അഭയയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തലയുടെ പിന്നില്‍ അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് അഭയയുടെ മൃതദേഹം പയസ് ടെണ്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ കാണപ്പെട്ടത്.
കോട്ടയം ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷിച്ച അഭയ കേസ് പിന്നീട് നാല് തവണ സിബിഐയെ ഏല്‍പ്പിച്ചിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ അന്വേഷണം വഴിമുട്ടുന്നു എന്നായിരുന്നു ഓരോ തവണയും അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ അന്വേഷണ ഏജന്‍സി നല്‍കിയിരുന്ന വിശദീകരണം. ഇപ്പോള്‍ സിബിഐ സൂപ്രണ്ട് ആര്‍എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
|