ഐ എസ് ആര്‍ ഒ യിലെ ദളിത് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ എസ് ആര്‍ ഓയുടെയും ഡിപ്പാര്‍ട്ട് മെന്‍റ് ഓഫ് സ്പേസിന്‍റെയും(ഡോസ്) കീഴിലെ വിവിധ സംഘടനകള്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്നു.
സംഘടനകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പുതിയതായി രൂപം നല്‍കുന്ന ‘ഓള്‍ ഇന്ത്യ ഡോസ് എസ് സി എസ് ടി എംപ്ലോയീസ് ജോയിന്‍റ് ഫെഡറേഷന്‍’ കേരളാ സ്പീക്കര്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഐ എസ് ആര്‍ ഒ യിലെ എസ് സി എസ് ടി ജീവനക്കാരുടെ ഭരണ ഘടനാപരമായ സുരക്ഷയേയും വെല്ലുവിളികളെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി അന്നേദിവസം ‘പട്ടിക വിഭാഗങ്ങള്‍ക്കുള്ള ഭരണ ഘടനാ പരിരക്ഷകള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതില്‍ ദേശീയ കമ്മീഷന്‍റെ പങ്ക്’, ‘ഐ എസ് ആര്‍ ഓ യിലെ എസ് സി, എസ് ടി ജീവനക്കാര്‍ നേരിടുന്ന വെല്ലുവിളി’ എന്നീ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും.
മെയ് 17 ന് തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സെമിനാര്‍ നയിക്കുന്നത് പട്ടികജാതി ദേശീയ കമ്മീഷന്‍റെ കേരള സംസ്ഥാന അസിസ്റ്റന്‍റ് ഡയറക്ടര്‍ പി രാമസ്വാമി, ബാംഗ്ലൂര്‍ ഐ എസ് എ സി, എ ഐ ഡി എസ് എസ് സി എസ് ടി ഇ എഫ് ജനറല്‍ സെക്രട്ടറി വാസുദേവന്‍ അമുധാവല്‍ എന്നിവരാണ്.
സംഘടനയുടെ പ്രസിഡന്‍ഡ് എന്‍ കെ വിശ്വംഭരന്‍ അദ്ധ്യക്ഷതയും തിരുവനന്തപുരം മേയര്‍ സി ജയന്‍ബാബു ഉദ്ഘാടനവും നിര്‍വ്വഹിക്കും. അഡീഷണല്‍ ഡിജിപി എസ് പുലികേശി ഐ പി എസ്, കേരള എസ് എസ് ടി വികസനവകുപ്പ് ഡയറക്ടര്‍ എസ് സുകുമാരന്‍ ഐ എ എസ് എന്നിവര്‍ മുഖ്യാതിഥികളാകും. സെമിനാര്‍ കമ്മറ്റി സെക്രട്ടറി എസ് മുരുകന്‍ സ്വാഗതവും സംഘടനയുടെ സെക്രട്ടറി സാംബശിവന്‍ നന്ദിയും രേഖപ്പെടുത്തും.
ഐ എസ് ആര്‍ ഒ സെന്‍ററുകളിലെ എസ് സി എസ് ടി അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്‌ക്ക് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ വിവിധ സംഘടനാ നേതാക്കള്‍ വിലയിരുത്തും. വൈകുന്നേരം നാല് മണിക്ക് ഓള്‍ ഇന്ത്യ ഡോസ് എസ് സി എസ് ടി എംപ്ലോയീസ് ജോയന്‍റ് ഫെഡറേഷന്‍ ഉദ്ഘാടനം നടക്കും. സംഘടനയുടെ ഉന്നത നേതാക്കള്‍ സമ്മേളനത്തില്‍ സംസാരിക്കും. നേരത്തേ ഐ എസ് ആര്‍ ഒ, ഡി ഒ എസ് സംഘടനയില്‍ പെട്ട 1100 ഓളം എസ് സി എസ് ടി ജീവനക്കാര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച മെമ്മോറാണ്ടം മാനേജ്മെന്‍റ് തള്ളിയിരുന്നു.
|