കാര്‍ വാടകയ്ക്ക് നല്‍കുന്ന സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഷൈന്‍ ആണ് പരാതിക്കാരന്‍.
മൂന്ന് ദിവസം ഗുണ്ടകളുടെ തടവില്‍ കഴിഞ്ഞ ഷൈനിനെ പൊലീസെത്തി മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ വാടകയ്ക് നല്‍കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ കരമനയിലെ ഗോഡൌണിന് ഉള്ളില്‍ നിന്നുമാണ് പൊലീസ് ഇയാളെ മോചിപ്പിച്ചത്. പൊലീസെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു ഷൈന്‍.
മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഒരു മാസത്തെ ഉപയോഗത്തിനായി കഴിഞ്ഞ മാസം ഏഴാം തീയതിയാണ് മാരുതി സെന്‍ കാര്‍ ഇയാള്‍ വാടയക്ക് എടുത്തത്. മുന്‍കൂറായി പതിനായിരം രൂപ നല്‍കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ഇരുപത്തി മൂന്നാം തീയതി ശാര്‍ക്കര ക്ഷേത്രത്തില്‍ വച്ച് ഗുണ്ടകള്‍ വ്യാജ താക്കോല്‍ ഉപയോഗിച്ച് കാര്‍ തിരികെ കൊണ്ടു പോയി. അമ്പതിനായിരം രൂപയുമായി എത്തണമെന്ന് ഇയാളോട് ആവശ്യപ്പെടുകയും ചെയ്തു. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍റെ ബന്ധുവാണ് ഷൈന്‍.
മണിച്ചനെ കാണാന്‍ പൂജപ്പുരയില്‍ എത്തിയപ്പോഴാണ് ഗുണ്ടകള്‍ ഇയാളെ പിടിച്ചുകൊണ്ടു പോയത്. കയ്യിലുണ്ടായിരുന്ന പതിനാലായിരം രൂപ, മാല, മോതിരം, ക്രെഡിറ്റ് കാര്‍ഡുകള്‍, മൂന്ന് എ.ടി.എം കാര്‍ഡുകള്‍ എന്നിവ ഗുണ്ടാസംഘം കൈക്കലാക്കിയതായും ഇയാള്‍ പരാതിപ്പെടുന്നു.
സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
|