കണിച്ചുകുളങ്ങര കൂട്ടക്കൊല കേസില്‍ ഒമ്പത് പ്രതികള്‍ കുറ്റക്കരാണെന്ന് ആലപ്പുഴ സെഷന്‍സ് കോടതി കണ്ടെത്തി. മൂന്ന് പ്രതികളെ വെറുതെ വിട്ടു. ശിക്ഷ പതിനേഴിന് പ്രഖ്യാപിക്കും.
കേസിലെ ഒമ്പത്, പത്ത്, പതിനൊന്ന് പ്രതികളൊഴികെ മറ്റെല്ലാവരും കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി അഭിപ്രായപ്പെട്ടു. കേസിലെ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ ഉണ്ണി, സഹായി അജിത്, മൂന്നും നാലും പ്രതികളായ മൃഗം സാജു, ഷിബിന്‍, ഹിമാലയ ഉടമകളായ ആറാം പ്രതി അജിത്, ഏഴാം പ്രതി ബിനീഷ് എന്നിവര്‍ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
അഞ്ചാം പ്രതി ഉണ്ണികൃഷ്ണന്‍, എട്ടാം പ്രതി ഗോകുലന്‍, പന്ത്രണ്ടാം പ്രതി ഷിബിന്‍ രാജ് എന്നിവര്‍ പ്രതികളെ രക്ഷപ്പെടുത്തല്‍, കുറ്റകരമായ ഒത്തു ചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്നും മുപ്പത്തിയഞ്ച് പേരുള്ള വിധി ന്യായത്തില്‍ കോടതി അഭിപ്രായപ്പെട്ടു.
കേസിലെ ഒമ്പത് മുതല്‍ പതിനൊന്ന് വരെ പ്രതികളായ ഡാനിയേല്‍, അംബിക, സുജിത് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. വിധി പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോടതിയില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 2005 ജൂലൈ ഇരുപതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങര കവലയില്‍ വച്ച് ടാറ്റാസുമോയില്‍ ലോറി ഇടിപ്പിച്ച് എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു.
|