സന്തോഷ് മാധവനെതിരെ എറണാകുളത്തെ ഈവന്‍റ് മാനേജ്‌മെന്‍റ് കമ്പനി നല്‍കിയ പരാതിയെ കുറിച്ചുള്ള അന്വേഷണത്തിനായി പൊലീസ് പാലക്കാട്ടേയ്ക്ക് പോകും.
വിവാഹനടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ സന്തോഷ് മാധവന്‍ നല്‍കാനുണ്ടെന്നാണ് ഈവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുടെ പരാതി. പാലക്കാട് ടൌണ്‍ഹാളില്‍ കൊട്ടാര സദൃശമായ സെറ്റായിരുന്നു സന്തോഷ് മാധവന്‍റെ വിവാഹത്തിനായി ഒരുക്കിയിരുന്നത്. എറണാകുളത്തെ ഈവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനായിരുന്നു ഇതിന്‍റെ ചുമതല.
സെറ്റ് ഒരുക്കിയതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ നല്‍കാനുണ്ടെന്ന് കാണിച്ച് കമ്പനി ഉടമ കൈലാസ് റാവു പൊലീസിനെ സമീപിക്കുകയായിരുന്നു. ഈ പരാതിയെകുറിച്ച് അന്വേഷിക്കുന്നതിനായി രണ്ടു ദിവസത്തിനുള്ളില്‍ പൊലീസ് പാലക്കാടെത്തും. സ്പെഷ്യല്‍ ബ്രാഞ്ച് സംഘതലവന്‍ ദേവേന്ദ്രന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല.
വിവാഹം നടത്തിപ്പുമായി ബന്ധപ്പെട്ട് 5.14 ലക്ഷം രൂപ കിട്ടനുണ്ടെന്നാണ് കൈലാസ് റാവു പരാതിയില്‍ പറയുന്നത്. പണം ആവശ്യപ്പെട്ടപ്പോള്‍ പാലക്കാട്ട് വച്ച് മര്‍ദ്ദനമേറ്റെന്നും ഇതിന് സി.ഐ സാം ക്രിസ്റ്റി ഡാനിയേലിന്‍റെ ഒത്താശ ഉണ്ടായിരുന്നതായും കൈലാസ് റാവു പറയുന്നു.
തര്‍ക്കം പരിഹരിക്കുന്നതിന് പാലക്കാട്ടെ ചില രാഷ്ട്രീയ നേതാക്കളും ഇടപെട്ടുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കൈലാസ് റാവുവിന് നല്‍കാനുള്ള പണം മുഴുവന്‍ നല്‍കിയതായി സന്തോഷ് മാധവന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.
കൈലാസ് റാവുവിന് നല്‍കാനുള്ള തുകയുടെ അവസാന ഗഡു രണ്ടാഴ്ചകള്‍ക്ക് മുമ്പ് ചെക്കായി നല്‍കിയെന്നും ഇയള്‍ വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
|