കണിച്ചുകുളങ്ങര കൂട്ടക്കൊല കേസില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. 2005 ജൂലൈ ഇരുപതിന് ടാറ്റാ സുമോയില്‍ ലോറി ഇടിപ്പിച്ച് മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
കഴിഞ്ഞ ഓഗസ്റ്റ് ഇരുപതിന് ആലപ്പുഴ സെഷന്‍സ് കോടതിയില്‍ ആരംഭിച്ച വിചാരണ നടപടികള്‍ എട്ട് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കേസിലെ 304 രേഖകളും 28 തൊണ്ടി സാധനങ്ങളും കോടതി തെളിവായി സ്വീകരിച്ചു. 118 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്.
ഇതില്‍ പത്തൊമ്പത് പേര്‍ കൂറുമാറി പ്രതിഭാഗത്തോട് ചേര്‍ന്നു. കേസില്‍ മൊത്തം പതിമൂന്ന് പ്രതികളാണുള്ളത്. ഇതില്‍ പതിമൂന്നാം പ്രതി സനീഷ് ഇപ്പോഴും ഒളിവിലാണ്. ബാക്കിയുള്ള പന്ത്രണ്ട് പ്രതികളെയാണ് കോടതി വിചാരണ ചെയ്തത്. അപകടത്തില്‍ മരിച്ച എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേയ്ക്ക് ലോറി ഇടിപ്പിച്ചുകയറ്റിയ ഡ്രൈവര്‍ ഉണ്ണിയും സഹായി അജിത്തുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
മൃഗം സാജു, സിബി, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. ഹിമാലയ ഉടമകളായ അജിത്, ബിനീഷ് എന്നിവര്‍ ആറും ഏഴും പ്രതികളാണ്. ബിനീഷിന്‍റെ സഹോദരന്‍ ഗോകുല്‍, ഡ്രൈവര്‍ ഡാനി, അംബികാ സുജിത്, ഷിബിന്‍ രാജ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
|