സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 750 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ച നബാര്‍ഡ് കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യമായ ജലം എത്തിക്കുന്നതിന് ജലവിഭവ വകുപ്പിന് ഒരു പ്രത്യേക പാക്കേജ് കൂടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നബാര്‍ഡിന്‍റെ 750 കോടി രൂപയുടെ പ്രത്യേക പാക്കേജിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു. സംസ്ഥാനത്തെ മണ്ണ്, പാടശേഖരം എന്നിവ പരമാവധി ഉപയോഗപ്പെടുത്തി ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ബൃഹത് പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി വരികയാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ നബാര്‍ഡ് മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ആദ്ധ്യക്‍ഷം വഹിച്ചു.
കേരള വാട്ടര്‍ അതോറിട്ടി എഞ്ചിനീയറിങ് വകുപ്പ് എന്ന നിലയില്‍ നിന്ന് സര്‍വ്വീസ് ഓര്‍ഗനൈസേഷനായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജലവിഭവ മന്ത്രി പറഞ്ഞു. ജീവനക്കാരുടെ മാനസികഘടനയില്‍ കാതലായ മാറ്റം അനിവാര്യമാണ്. വാട്ടര്‍ അതോറിട്ടിയുടെ ചരിത്രത്തില്‍ നൂതന അദ്ധ്യായം കുറിക്കുന്ന ഈ 41 പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രീതി ഉണ്ടാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഭരണ ചെലവിനായി വായ്പ എടുക്കുന്നത് അടുത്ത രണ്ടുവര്‍ഷം കൊണ്ട് അവസാനിപ്പിക്കും. പുതിയ തസ്തികകളും പുതിയ സ്ഥാപനങ്ങളും മിതമായ രീതിയിലേ അനുവദിക്കൂ. നാടിന്‍റെ വികസനത്തിന് ആവശ്യമായി വായ്പ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറെ കാലങ്ങളായി നാം സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. അതുകൊണ്ട് ഭൗതിക പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്ന കാര്യത്തില്‍ നാം ഏറെ പിന്നോട്ടുപോയി. അതിന്‍റെ ദുര്യോഗം ഇന്ന് അനുഭവിക്കേണ്ടിവരുന്നു. കേരളത്തിന് ടൂറിസം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗങ്ങളില്‍ നേട്ടം ആര്‍ജ്ജിക്കണമെങ്കില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ചേ മതിയാകൂ.
വിമാനത്താവളങ്ങള്‍, റയില്‍വേ മേല്‍പ്പാലങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കണം. നാടിന്‍റെ വികസനത്തിന് പദ്ധതികള്‍ക്ക് പണം ഒരു പ്രശ്നമാവില്ല. പക്ഷേ അവ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ കഴിയണമെന്നും ധനമന്ത്രി പറഞ്ഞു.
പരമ്പരാഗത പ്രവര്‍ത്തശൈലി ഉപേക്ഷിച്ച് ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പദ്ധതി നിര്‍വ്വഹണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും മാസത്തില്‍ ഒരിക്കല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും വേണമെന്ന് ചടങ്ങില്‍ പങ്കെടുത്ത റവന്യു മന്ത്രി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു.
നിയമമന്ത്രി എം.വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍ എം.പി., വി.ശിവന്‍കുട്ടി എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റെ ആനാവൂര്‍ നാഗപ്പന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, എം.എല്‍.എമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പദ്ധതി വിവരങ്ങള്‍ അടങ്ങിയ ബ്രോഷര്‍ ധനകാര്യ മന്ത്രിക്ക് നല്‍കി ജലവിഭവമന്ത്രി പ്രകാശനം ചെയ്തു.
|