നടന്‍ ദിലീപിനെ വിലക്കിയ മാക്ട ഫെഡറേഷന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്ന് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ സിനിമാ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.
കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാതാവായ ശശിധരനെയും നടന്‍ ദിലീപിനെയും വിലക്കാന്‍ മാക്ടക്ക് അധികാരമില്ല. മാക്ട സെക്രട്ടറി വിനയനെതിരെ രൂക്ഷമായ വിമര്‍ശനവും നിര്‍മ്മാതാക്കള്‍ നടത്തി. തങ്ങളുടെ സംഘടനയോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് മാക്ടയും മാക്ടയുടെ സെക്രട്ടറിയും ശശിധരനെയും ദിലിപീനെയും വിലക്കിക്കൊണ്ടുള്ള തീരുമാനമെടുത്തത്.
ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിലക്കുന്നതിന് മുമ്പ് അവരോട് ചോദിക്കേണ്ട ബാധ്യത മാക്ടക്കുണ്ട്. ദിലീപ് കഴിഞ്ഞ ഇരുപത് ദിവസമായി വീട്ടിലിരിക്കുന്നു. വിലക്ക് കാരണം ഒരു സിനിമ തന്നെ മുടങ്ങി. ഇതിന്‍റെയെല്ലാം പൂര്‍ണ്ണ ഉത്തരവാദിത്വം മാക്ടയുടെ സെക്രട്ടറി വിനയനാണ്.
താരങ്ങളുടെ സംഘടനയായ അമ്മ തങ്ങള്‍ക്കൊപ്പമാണെന്നും നിര്‍മ്മാതാക്കളുടെ സംഘടന അവകാശപ്പെട്ടു. ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞ തുളസീദാസ് രണ്ട് നിര്‍മ്മാതാക്കളോട് പണം വാങ്ങി. അതിനാല്‍ ഇനി മേലില്‍ തുളസി ദാസിനോട് സഹകരിക്കേണ്ടതില്ലെന്നും പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
തുളസീധരന്‍ മാക്ടക്ക് നല്‍കിയിരിക്കുന്ന പരാതി വ്യാജമാണ്. ഇത് ഉടന്‍ പിന്‍വലിക്കണം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ മലയാള സിനിമാ നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവയ്ക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു.
|