ശാന്തിതീരം ഉടമ സന്തോഷ് മാധവനെ പൊലീസ് പിടികൂടിയതിന്‍റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
ഡി.ജി.ജി രമണ്‍ ശ്രീവാസ്തവ, എ.ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രിക്കെതിരെയുള്ള ആരോപണങ്ങളും പൊലീസുമായി സന്തോഷ് മാധവനുള്ള ബന്ധവും യോഗം ചര്‍ച്ച ചെയ്തു. സന്തോഷ് മാധവനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം മാധവന്‍റെ കേസ് അന്വേഷിക്കണമെന്ന നിര്‍ദ്ദേശം ആഭ്യന്തര മന്ത്രി നല്‍കിയെന്നാണ് സൂചന. പൊലീസ് വകുപ്പിന് തന്നെ മാനക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ള ബന്ധം പല പൊലീസുകാര്‍ക്കും സന്തോഷ് മാധവനുമായി ഉണ്ട്. ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ചും അന്വേഷണം നടക്കും.
ശാന്തിതീരം ആശ്രമവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള പണമിടപാടുകളെ കുറിച്ചും അന്വേഷണം നടത്താന്‍ യോഗം തീരുമാനിച്ചുവെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നായരമ്പലത്ത് വച്ച് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ വച്ചാണ് സന്തോഷ് മാധവനെ പൊലീസ് പിടികൂടിയത്.
ഐ.ജി വിന്‍സന്‍റ് എം.പോള്‍, കമ്മിഷണര്‍ മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ നടക്കുകയാണ്. ദുബായിലെ മലയാളി വ്യവസായി സെറാഫിന്‍ എഡ്വിനില്‍ നിന്ന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് സന്തോഷ് മാധവന്‍ പിടിയിലായത്.
ചോദ്യം ചെയ്യലില്‍ സെറാഫിനില്‍ നിന്നും പണം വാങ്ങിയതായി സന്തോഷ് മാധവന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ സന്തോഷ് മാധവനുമായി ചുറ്റിപ്പറ്റി ഉയര്‍ന്നിട്ടുള്ള പല ആരോപണങ്ങള്‍ക്കും ചോദ്യം ചെയ്യലില്‍ തുമ്പു ലഭിച്ചതായും സൂചനയുണ്ട്.
|