യാക്കൂബിന്‍റെ അറസ്റ്റിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെയും ചാക്ക് രാധാകൃഷ്ണന്‍റെയും ഗൂഢാലോചനയാണെന്ന് അന്വേഷി അധ്യക്ഷ കെ. അജിത പറഞ്ഞു.
അജിതയുടെ ഭര്‍ത്താവാണ് ടി.പി. യാക്കൂബ്. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ താന്‍ എടുത്ത നിലപാടുകളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അജിത പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു യാക്കൂബിന്‍റെ ഭാര്യ കൂടിയായ അജിത.
സ്പിരിറ്റ് കടത്ത് കേസുമായി ബന്ധപ്പെട്ട് രാവിലെ കോഴിക്കോട്ടെ വസതിയിലെത്തിയാണ് വാളയാര്‍ എസ്.ഐയും സംഘവും യാക്കൂബിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരെ കാണാന്‍ പാലക്കാട് എത്തണമെന്നാണ് പൊലീസ് യാക്കൂബിനോട് പറഞ്ഞതെന്ന് അജിത പറഞ്ഞു.
തനിക്കും തന്‍റെ കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയാണിത്. സ്പിരിറ്റ് കടത്ത് കേസുമായി തന്‍റെ ഭര്‍ത്താവിന് ഒരു ബന്ധവുമില്ലെന്ന് പൊലീസും എക്സൈസും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കേസില്‍ മുമ്പ് പലതവണ യാക്കൂബിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ഇപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതില്‍ ദുരൂഹതയുണ്ട്. തന്‍റെ സാമൂഹ്യപ്രവര്‍ത്തനം പലര്‍ക്കും അസൌകര്യം ഉണ്ടാക്കുന്നുണ്ട്. ഇതിലൊന്നും താന്‍ തളരില്ല. കുഞ്ഞാലിക്കുട്ടിയും രാധാകൃഷ്ണനും ചേര്‍ന്ന് ഉണ്ടാക്കിയ കെണിയില്‍ തന്‍റെ ഭര്‍ത്താവ് വീഴുകയായിരുന്നു.
അദ്ദേഹത്തിനെതിരായ നീക്കത്തെ നിയമപരമായി നേരിടുമെന്നും അജിത പറഞ്ഞു.
|